വിവാഹം കോടതി കയറും മുൻപ് ... ( ഭാഗം 1)

image

വിവാഹം കോടതി കയറും മുൻപ് ... ( ഭാഗം 1)ഫേസ്ബുക്കിലെ ആ മനോഹരമായ ഫോട്ടോയിലേക്ക് ആദ്യം നോക്കിയ അപ്പച്ചനും അമ്മച്ചിയും ഒരു നിമിഷം പകച്ചു. ഇത് നമ്മുടെ മകളും മരുമകനും തന്നെയല്ലേ? സംഭവം ശരി തന്നെ. ഫോട്ടോ verified, പക്ഷേ ഇവർ ഒരുമിച്ചു നിന്നു ഫോട്ടോയൊക്കെ എടുത്തോ? അതെപ്പോൾ?

ഫേസ്ബുക്കിലെ ആ മനോഹരമായ ഫോട്ടോയിലേക്ക് രണ്ടാമത് നോക്കി ഞെട്ടിയത് ഫോട്ടോയിലെ ആ പെൺകുട്ടിയുടെ അമ്മായിയമ്മയും അമ്മായിയച്ഛനും. അവരും ലൈക്കിയില്ല. സംശയത്തോടെ വീക്ഷിച്ചുവെന്ന് മാത്രം.

ഫേസ്ബുക്കിലെ ആ മനോഹരമായ ഫോട്ടോയിലേക്ക് പിന്നെ നോക്കിയത് തൊട്ടപ്പുറത്തെ വീട്ടിലെ ചേട്ടനും ചേച്ചിയും. അവർ ഫോട്ടോയിലേക്ക് വിരൽച്ചൂണ്ടി മുഖത്തോടു മുഖംനോക്കി പകച്ചു നിന്നു. പിന്നെ പരസ്പരം ചോദിച്ചു. "ഇവരെപ്പോൾ ഒരുമിച്ചു?" ഏതായാലും ഒരു ലൈക്കുമിട്ടു. ആ പോസ്റ്റിലെ ആദ്യത്തെ ലൈക്ക്. 

പിന്നെ പിന്നെ നാട്ടുകാർ ഓരോരുത്തരായി നോക്കി, ലൈക്കി. അതിൽ അവരെ അറിയുന്നവരും അറിയാത്തവരുമുണ്ടായിരുന്നു.

അവസാനത്തെ ലൈക്ക് അവരുടെ ഫാമിലികൗൺസിലറുടേതായിരുന്നു. ആ ലൈക്കിന് ഒരേയൊരർത്ഥം മാത്രം.Professional Satisfaction !

പൊരുത്തമില്ലാത്തവർ ബന്ധംപിരിഞ്ഞ് സ്വതന്ത്രരായി ജീവിക്കട്ടെ, ജീവിതം ഒന്നേയുള്ളു, അത് ആസ്വദിക്കേണ്ടതു തന്നെ, തുടങ്ങിയ മനോഹരമായ ആശയങ്ങൾ നമ്മെ ഭ്രമിപ്പിക്കുമ്പോൾ പിന്നെ എന്തിനാണ് ഈ ഫാമിലി കൗൺസിലിങ്ങ് ?

അതേന്നെ. കാലം ഒരുപാടുമാറി. വിവാഹം, കുടുംബം തുടങ്ങിയവയൊക്കെ തികച്ചും കോമഡിയായിക്കരുതുന്ന ഒരു ചിന്താരീതി വളർന്നു വരുന്നുണ്ട്. ഇത്തരം ചിന്തകളുടെ മൊത്ത വിതരണക്കാരിൽ ഏറിയപങ്കും ബുജികൾത്തന്നെ. കേൾക്കുമ്പോൾ ന്യായമെന്നു തോന്നാവുന്ന വാദഗതികൾ. പക്ഷേ പറയുന്ന കാര്യങ്ങൾ പൂർണ്ണമായും ദഹിക്കുന്നില്ല. പുതുചിന്തകളെ സ്വാഗതം ചെയ്യാനുള്ള മടി കൊണ്ടോ പരമ്പരാഗത ചിന്തകളെ മുറുകെപ്പിടിക്കാനുള്ള വ്യഗ്രത കൊണ്ടോ ഒന്നുമല്ല ഈ ദഹനക്കുറവ്.

കുടുംബം എന്ന സങ്കല്പത്തെ പൂർണ്ണമായോ ഭാഗികമായോ കൈവെടിഞ്ഞ, അവക്ക് ചെറുവിരലിന്റെ പ്രാധാന്യം പോലും കൊടുക്കാതിരുന്ന, നമുക്ക് മുൻപേ Cohabitation, Free sex, Swapping, Single parent family ഇത്യാദിയൊക്കെ പരീക്ഷിച്ചു തുടങ്ങിയ പടിഞ്ഞാറൻ രാജ്യങ്ങൾ മെല്ലെയെങ്കിലും കുടുംബ സങ്കല്പത്തിലേക്കുള്ള തിരിച്ചു വരവിന്റെ പാതയിലാണ്. എന്തേ അവർക്കൊരു ബോധോദയം? എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? 

വർദ്ധിച്ചു വരുന്ന മാനസികരോഗങ്ങളുമായി ഈ നൂതന ആശയങ്ങൾക്കെന്തെങ്കിലും ബന്ധമുണ്ടോ? ഇത്തരം പുതുപുത്തൻ ആശയങ്ങൾ നടപ്പിലാക്കുമ്പോൾ പിന്നീടുണ്ടാക്കിയേക്കാവുന്ന സാമൂഹിക സംതുലനമില്ലായ്മയെക്കുറിച്ചും ഇവർക്കു ജനിക്കുന്ന കുട്ടികളുടെ ഭാവിയെക്കുറിച്ചും എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

അതൊക്കെ പോട്ടെ. ലളിതമായി ചിന്തിക്കാം. ഒരു കാര്യം തന്നെ പത്തുപേരോട് പറഞ്ഞാൽ പത്തുപേരും അത് ഒരേ രീതിയിലാണോ മനസ്സിലാക്കുക? ഇത്തരം നൂതന ആശയങ്ങൾ വിളമ്പണമെന്ന് നിങ്ങൾക്ക് നിർബന്ധമാണെങ്കിൽ പാത്രം അറിഞ്ഞ് വിളമ്പുന്നതല്ലേ, അതിന്റെ ഒരു ശരി? 

കേട്ട ആശയം പൂർണ്ണാർത്ഥത്തിൽ മനസിലാക്കാതെയും, അതിന്റെ പ്രായോഗികതയെക്കുറിച്ച് ചിന്തിക്കാതെയും സ്വന്തം ജീവിതത്തിൽ ഇത് നടപ്പിലാക്കാൻ ശ്രമിക്കുന്നവന്റെ ഗതിയെന്താകും? ഇല്ലത്തു നിന്ന് പുറപ്പെടുകയും ചെയ്തു, അമ്മാത്ത് എത്തിയതുമില്ല എന്ന രീതിയിൽ ജീവിക്കുന്ന എത്രയോ ആൾക്കാർ ! പറയുന്നതുപോലെ എളുപ്പമൊന്നുമല്ല കാര്യങ്ങൾ നടപ്പിലാക്കൽ.

പങ്കാളികൾക്കിടയിലുള്ള അഭിപ്രായ വ്യത്യാസങ്ങളും, പരസ്പര അടിച്ചമർത്തലുകളും, അവിശ്വസ്തതയും, ലഹരി ഉപയോഗവും, ലൈംഗിക അസംതൃപ്തിയും, ഇരുവരുടെയും പുരോഗതിയിലുള്ള അപചയവുമൊക്കെയാണല്ലോ വിവാഹം എന്ന ആശയത്തിൽനിന്ന് പിന്തിരിയാൻ ഇവരെ പ്രേരിപ്പിക്കുന്ന കാരണങ്ങൾ.

ഇവയൊക്കെ ഒഴിവാക്കപ്പെട്ടാൽ കുടുംബം സൂപ്പറല്ലേ? I repeat, ഒഴിവാക്കപ്പെട്ടാൽ മാത്രം....! 
(പങ്കാളിയുടെ ചവിട്ടും കുത്തും പീഡനവുമേറ്റ് അയാളുടെയോ അവളുടെയോ കാൽക്കീഴിൽ ഞെരിഞ്ഞമരണമെന്നല്ല ഞാൻ ഈ പറഞ്ഞതിന്റെ അർത്ഥമെന്ന് സാരം. അതിനുള്ള ലൈസൻസുമല്ല വിവാഹം)

സുസ്ഥിരമായ കുടുംബങ്ങൾ സൃഷ്ടിക്കലും സൃഷ്ടിക്കാൻ സഹായിക്കലും വഴി മേൽപ്പറഞ്ഞ പ്രശ്നങ്ങളിൽ നിന്ന് പുതുതലമുറയെ എങ്കിലും രക്ഷിച്ചു കൂടെ? ഫലപ്രദമായ ഇടപെടലുകൾ നടത്തി, ഉചിതമായ തീരുമാനമെടുക്കാൻ പ്രശ്നബാധിതരെ സഹായിച്ചു കൂടേ? അതല്ലേ കൂടുതൽ പ്രായോഗികം? എലിയെ പേടിച്ച് ഇല്ലം ചുടണോ?

ലളിതമായി പറഞ്ഞാൽ :

1. വിവാഹം കഴിഞ്ഞവരോട്...
നിങ്ങളുടെ വിവാഹം വിജയമെന്ന് കരുതുന്ന പക്ഷം തുടർന്നും അതേ രീതിയിൽ കുടുംബ ജീവിതം കൊണ്ടുപോകാൻ ശ്രമിക്കുക.വിവാഹം അബദ്ധമായിയെന്ന് തോന്നുന്നുവെങ്കിൽ, പ്രശ്നങ്ങൾ തിരിച്ചറിയുക. അവ പരിഹരിക്കാൻ പറ്റുന്നതാണോയെന്ന് പരിശോധിക്കുക. പ്രശ്നങ്ങൾ പരിഹരിക്കാവുന്നയെങ്കിൽ അങ്ങനെ. (പരിഹരിക്കാൻ സാധിക്കാത്തവയെങ്കിൽ വിവാഹമോചനം, പിരിഞ്ഞ് താമസിക്കൽ ഉൾപ്പെടെയുള്ള മറ്റ് വഴികളിൽ ഉചിതമായത് പ്രായോഗികതയോടെ തെരഞ്ഞെടുക്കുക) ഇതിനായി വിദഗ്ധരുടെ സഹായം സ്വീകരിക്കേണ്ടതാണ്.

2. ഇനിയും വിവാഹം കഴിക്കാത്തവരോട്...
പക്വതയുടെയും പ്രായോഗികതയുടെയും അകമ്പടിയോടെ പങ്കാളിയെ തെരഞ്ഞെടുക്കുക. മതിഭ്രമം മാറ്റിവെച്ച് സ്വതന്ത്രമായി ചിന്തിക്കുക. ഏച്ച് കെട്ടിയാൽ മുഴച്ചിരിക്കുമെന്ന് ഓർക്കുക.

(ഇവ ഓരോന്നും വ്യത്യസ്ത വിഷയങ്ങളല്ലേ? ഒറ്റ പോസ്റ്ററിൽ കുത്തിനിറക്കുന്നില്ല. താത്പര്യമുണ്ടെങ്കിൽ പിന്നീടാകാം)

വർദ്ധിച്ചു വരുന്ന കുടുംബ പ്രശ്നങ്ങളുടെയും ഡിവോഴ്സുകളുടെയും പശ്ചാത്തലത്തിൽ എഴുതിത്തുടങ്ങിയത്. ഒരു പരമ്പരക്ക് തന്നെ വകയുള്ള വിഷയം.

Dr. Anu Sobha Jose

Psychiatrist
MAGJ Hospital, Angamaly