വിവാഹം കോടതി കയറും മുൻപ്... (ഭാഗം 3)

image

വിവാഹം കോടതി കയറും മുൻപ്... (ഭാഗം 3)ഇടപെടുക... വീണ്ടും ഇടപെടുക... ഇടപെട്ട് കുളമാക്കിക്കൊണ്ടേയിരിക്കുക...

ഭാര്യയും ഭർത്താവും തമ്മിൽ രാവിലെ ഒരു വഴക്ക്. മരുമകൾ മകനോട് ശബ്ദമുയർത്തി സംസാരിക്കുന്ന ഭാഗം കേട്ടുകൊണ്ടാണ് അമ്മയും അച്ഛനും അവിടെയെത്തുന്നത്. പ്രശ്നകാരണം എന്തെന്നോ, അതിൽ മകന്റെ പങ്കെന്തെന്നോ ഒന്നും അവർക്ക് അറിയേണ്ട കാര്യമില്ലല്ലോ. വല്ലോടത്തും നിന്നും വന്നവൾ മകനോട് തട്ടിക്കയറുന്നത് അനുവദിച്ച് കൂടല്ലോ.

"കലികാലം തന്നെ. എന്തൊരു അഹങ്കാരം.ഇവളെയൊക്കെ വളർത്തിയവരെ പറഞ്ഞാ മതി" അമ്മ ബാറ്റു വീശി. ആദ്യ ഓവറിലെ ആദ്യത്തെ റൺ.

അടുത്തത് അച്ഛന്റെ ഊഴം. ''ഞാൻ അപ്പോഴേ പറഞ്ഞതല്ലേ, ഇവരുമായുള്ള ബന്ധുത നമുക്ക് വേണ്ടെന്ന്. അനുഭവിച്ചോ..." ബാറ്റ് ശക്തമായി വീശിയതുകൊണ്ടാവാം അതൊരു ഫോറായി.

ഇതു സാധാരണ ക്രിക്കറ്റ്കളി പോലെയല്ല. അവർ നാലു പേരും മാറി മാറിയാണ് ബാറ്റിംഗും ബൗളിങ്ങും ചെയ്തത്. ചറുപറാന്ന് സിംഗിൾസും, ഫോറും സിക്സറുമൊക്കെ പിറന്നുവീണു. പൊതുവേ ബാറ്റിങ്ങിന് അനുകൂലമായ പിച്ച്. വർഷങ്ങളുടെ തഴക്കം കൊണ്ടാവാം ആർക്കും യാതൊരു ക്ഷീണവുമില്ല. വിക്കറ്റൊന്നും വീണതുമില്ല. അപ്പോഴാണ് പെണ്ണിന്റെ അച്ഛനും അമ്മയും രംഗപ്രവേശം ചെയ്യുന്നത്. (വിളിച്ച് വരുത്തിയതുമാകാം). ആവേശം മൂത്ത് അവരും ബാറ്റിങ്ങും ബൗളിങ്ങും മാറി മാറി ചെയ്തു. കളി കൊഴുക്കുന്നതിനനുസരിച്ച് ഇരുകൂട്ടരും അവരവരുടെ ബന്ധുക്കളെ ഫോണിൽ വിളിച്ചു വരുത്തിക്കൊണ്ടിരുന്നു.

മലയാളത്തിലെ സമസ്ത അക്ഷരങ്ങളും ഉശിരോടെ പുറത്തേക്കു വന്നു. പുതിയ പുതിയ വാക്കുകൾ permutation and Combination ന്റെ സഹായത്തോടെ അനുനിമിഷം പിറന്നു വീണു കൊണ്ടുമിരുന്നു. കുട്ടികൾ അതെല്ലാം പെട്ടെന്ന് പെട്ടെന്ന് കളക്ട് ചെയ്തുകൊണ്ടിരുന്നതുകൊണ്ട് ഒന്നുപോലും വേസ്റ്റ് ആയില്ല.

പക്ഷേ അവസാനം അതു സംഭവിച്ചു. ആവേശകരമായ ഗെയിം ഒരു ട്രാജഡിയിൽ പെട്ടെന്ന് അവസാനിപ്പിക്കേണ്ടി വന്നു. ആ ഒടുക്കത്തെ ബൗളിങ് നടത്തിയത് പെൺകുട്ടിയുടെ എക്സ് മിലിട്ടറി അച്ഛൻ. അതുവരെയുള്ള ഏറും പിടുത്തവും സ്പീഡിലായിരുന്നതു കൊണ്ട് സമയം ധാരാളമുണ്ട്. ബൗളർ ഭാര്യയുടെയും മകളുടെയും ബന്ധുക്കളുടെയുമൊക്കെ അനുഗ്രഹം തേടി. പിന്നെ ആഞ്ഞൊരേറ്. ബോള് കൊണ്ടത് അമ്മായിയച്ഛന്റെ നെഞ്ചത്ത്. രണ്ട് അറ്റാക്ക് കഴിഞ്ഞ മനുഷ്യനാണ്. കുഴഞ്ഞുവീണ അദ്ദേഹത്തെയും കൊണ്ട് രണ്ടു ടീമും ആശുപത്രിയിലേക്ക്. ഭാഗ്യവശാൽ ജീവൻ തിരിച്ചു കിട്ടി.

ICU ന്റെ വെളിയിൽ അങ്ങനെ വെയിറ്റ് ചെയ്തു കൊണ്ടിരുന്നപ്പോൾ അവരിലൊരാൾക്ക് വെളിവ് വെച്ചു തുടങ്ങി. ഇത്രക്കു വേണമായിരുന്നോ? ശരിക്കും എന്തായിരുന്നു പ്രശ്നം? അവിടെയുണ്ടായിരുന്ന എല്ലാവരോടും അയാൾ അതേ ചോദ്യം ചോദിച്ചു. ആർക്കുമറിയില്ല യഥാർത്ഥ പ്രശ്നം.

കാരണമറിയണമല്ലോ? അവർ കേന്ദ്രകഥാപാത്രങ്ങളായിരുന്ന ഭാര്യയെയും ഭർത്താവിനെയും സൈക്യാട്രിസ്റ്റിന്റെ അടുത്തെത്തിച്ചു. അദ്ദേഹത്തിന്റെയടുത്ത് അവർ പ്രശ്നകാരണം വിസ്തരിച്ചു തന്നെ അവതരിപ്പിച്ചു. (അത്രയും വിശദമായി കാര്യം പറഞ്ഞിട്ടും മൂന്ന് മിനിട്ട് സമയമേ വേണ്ടിവന്നുള്ളുവെന്നത് മറ്റൊരു കാര്യം)

"ഇതിപ്പോൾ ഉള്ളി പൊളിച്ച് പൊളിച്ച് പോയ അവസ്ഥയാണല്ലോ. ഇത്രയുമേയുള്ളായിരുന്നോ കാര്യം? സൈക്യാട്രിസ്റ്റ് ഞെട്ടൽ പുറത്തു കാണിക്കാതെതന്നെ ചോദിച്ചു.

"ശരിയാ ഡോക്ടറേ. സാധാരണ ഞങ്ങൾ വഴക്കുണ്ടാക്കിയാൽ അതു രണ്ട് മണിക്കൂർ കൊണ്ട് തീരുമായിരുന്നു. പക്ഷേങ്കിൽ ഞങ്ങടെ കഷ്ടകാലത്തിന് ഈ വഴക്ക് അച്ഛനും അമ്മയും കണ്ടു. അവരെന്റെ വീട്ടുകാരെ പറഞ്ഞു. എനിക്ക് സഹിച്ചില്ല. ഞാൻ അവരുടെ കുടുംബക്കാരെയും പറഞ്ഞു. പറഞ്ഞു പറഞ്ഞ് കാര്യങ്ങൾ ഇത്രയുമെത്തി." കിലുക്കത്തിലെ രേവതി മോഡൽ മറുപടി പറഞ്ഞത് ഭാര്യയെങ്കിലും, അവൾ പറഞ്ഞതിനോട് ഭർത്താവും യോജിച്ചു.

"എന്നാൽ പിന്നെ ഞങ്ങളങ്ങോട്ട്......?" അവർ സംയുക്തമായി ചോദിച്ചു. (എന്തൊരു യോജിപ്പ് !)

"OK. സമയം കിട്ടുമ്പോൾ രണ്ടു പേരുടെയും അച്ഛനോടും അമ്മയോടും ഇവിടം വരെയൊന്ന് വരാൻ പറയണം. ഫീസൊന്നും തരേണ്ട. എങ്ങനെ ഒരു പ്രശ്നം വഴളാക്കാമെന്ന് ഒന്നു കേട്ടു പഠിക്കാല്ലോ. ഡോക്ടർമാർ അങ്ങനല്ലേ? ജീവിതാവസാനം വരെ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യേണ്ട ആൾക്കാരല്ലേ?" സൈക്യാട്രിസ്റ്റ് പറഞ്ഞവസാനിപ്പിച്ചു.

ഈ ഡോക്ടറോട് എനിക്കും യോജിപ്പ്. കൂടുതലൊന്നും എനിക്ക് പറയാനുമില്ല.

Dr. Anu Sobha Jose

Psychiatrist
MAGJ Hospital, Angamaly