Popular in Articles

New education system in India
വിദ്യാഭാസരംഗത്തു സമഗ്രമായ മാറ്റങ്ങൾ
പത്താം ക്ലാസും പ്ലസ്ടുവും ഇനിയില്ല; രാജ്യത്തെ പുരാതന പഠനരീതി മാറ്റി ദേശീയ വിദ്യാഭ്യാസ നയത്തിന് മന്ത്രിസഭയുടെ അംഗീകാരം.
മാനവശേഷി വികസന മന്ത്രാലയം വിദ്യാഭ്യാസ മന്ത്രാലയമാക്കി പുതിയ രീതി അനുസരിച്ചു ഇനി പ്ലസ് ടു മാറ്റി 5+3+3+4 എന്ന രീതി ആകുന്നു. അങ്ങനെയാകുമ്പോൾ സ്കൂൾ, ഉന്നത വിദ്യാഭ്യാസ രീതിയിൽ അടിമുടി മാറ്റം സംഭവിക്കും
കെ. കസ്തൂരി രംഗൻ അധ്യക്ഷനായ സമിതി നൽകിയ കരട് ദേശീയ വിദ്യാഭ്യാസ നയത്തിലെ നിർദേശങ്ങളാണ് ഈ പുതിയ വിദ്യാഭ്യാസ നയത്തിലുള്ളത്.
പത്തും പ്ലസ്ടുവും എന്ന നിലവിലെ സ്കൂൾ സമ്പ്രദായം പാടേമാറ്റി പുത്തൻ വിദ്യാഭ്യാസനയം ഇതനുസരിച്ചു പ്രാബല്യത്തിൽ വരും. 5+3+3+4 എന്ന മാതൃകയാണ് പുതിയ നയത്തിലുള്ളത്.
നിലവിലെ സമ്പ്രദായത്തിൽ ഒന്നാം ക്ലാസ് മുതൽ നാല് വരെ ലോവർ പ്രൈമറിയും (എൽപി) അഞ്ചാം ക്ലാസ് മുതൽ ഏഴ് വരെ അപ്പർ പ്രൈമറിയും (യുപി) എട്ട് മുതൽ 10 വരെ ഹൈസ്കൂളും 11, 12 ക്ലാസുകൾ ഹയർസെക്കൻഡറിയും എന്ന രീതിയിലാണ് തരംതിരിച്ചിരുന്നത്. ഇതിനാണ് മാറ്റം വരുത്തിയിരിക്കുന്നത്.
പുതിയതായി വരുന്ന സംവിധാനത്തിൽ ഹയർ സെക്കണ്ടറി അഥവാ ജൂനിയർ കോളജ് ഒഴിവാക്കപ്പെടും. പുതിയ വിദ്യഭ്യാസ നയത്തിൽ പ്രായത്തിന് അനുസരിച്ചാണ് സ്റ്റേജുകൾ വേർതിരിക്കുന്നത്.
മൂന്നു മുതൽ എട്ടുവരെ പ്രായത്തിലുള്ള കുട്ടികളായിരിക്കും ഒന്നാമത്തെ സ്റ്റേജിൽ ഉൾപ്പെടുക. തുടർന്ന് 8-11 പ്രായം, 11-14 പ്രായം, 14-18 പ്രായം എന്നിങ്ങനെ ആയിരിക്കും അടുത്ത മൂന്നു ഘട്ടങ്ങൾ. ഇതോടെ 3-6 വരെ പ്രായത്തിലുള്ള കുട്ടികൾ സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഭാഗമാകും. പുതിയ സംവിധാനത്തിൽ 12 വർഷത്തെ സ്കൂൾ വിദ്യാഭ്യാസവും മൂന്ന് വർഷത്തെ അംഗൻവാടി/ പ്രീ സ്കൂളിംഗ് കാലയളവുമാണുള്ളത്.
പ്രീ പ്രൈമറി സ്കൂൾ മുതൽ രണ്ടാം ക്ലാസ് വരെയാണ് ഒന്നാമത്തെ ഘട്ടത്തിൽ ഉൾപ്പെടുക. മൂന്ന്, നാല്, അഞ്ച് ഗ്രേഡുകൾ രണ്ടാമത്തെ സ്റ്റേജിലും ആറ്, ഏഴ്, എട്ട് ഗ്രേഡുകൾ അപ്പർ പ്രൈമറിയിലും 9, 10, 11, 12 ഗ്രേഡുകൾ ഹൈ സ്റ്റേജിലും ഉൾപ്പെടും.
ആദ്യത്തെ അഞ്ചു വർഷങ്ങൾ കളികളിലൂടെയും പ്രവർത്തനങ്ങളിലൂടെയും പഠനം സാധ്യമാകുന്ന വിധത്തിലാണ് തയാറാക്കുക. ഏർലി ചൈൽഡ് ഹുഡ് കെയർ ആൻഡ് എജ്യുക്കേഷൻ എന്ന വിഷയത്തിൽ നടന്ന ഗവേഷണത്തെ ആസ്പദമാക്കി ആയിരിക്കും ഈ ക്ലാസുകളിലെ പാഠ്യഭാഗങ്ങൾ തയാറാക്കുക.
സെക്കൻഡറി സ്റ്റേജിൽ ഓരോ വർഷവും സെമസ്റ്ററുകളായി തരം തിരിക്കും. ആകെ എട്ട് സെമസ്റ്ററുകൾ ആയിരിക്കും സെക്കൻഡറി സ്റ്റേജിൽ ഉണ്ടായിരിക്കുക. ഓരോ സെമസ്റ്ററിലും വിദ്യാർഥി അഞ്ചു മുതൽ ആറു വരെ വിഷയങ്ങൾ പഠിക്കേണ്ടി വരും.
അണ്ടർ ഗ്രാജ്വേറ്റ് കോഴ്സുകൾ മൂന്നോ നാലോ വർഷമായിരിക്കും. ഈ കോഴ്സുകളിലെ പഠനം ഇടക്കു നിർത്താനും ഇടവേളയെടുക്കാനും വീണ്ടും തുടർപഠനത്തിനും നയം അവസരം നൽകുന്നു. മൂന്നു വർഷം വരെ പഠിച്ചാൽ അതുവരെ പഠിച്ചതിന്റെ സർട്ടിഫിക്കറ്റ്. ബിരുദാനന്തര ബിരുദം ഒന്നോ രണ്ടോ വർഷമാകാം.
ബിരുദ, ബിരുദാനന്തര കോഴ്സുകൾ അഞ്ചു വർഷം നീളുന്ന ഇൻറഗ്രേറ്റഡ് കോഴ്സായിരിക്കും. എം.ഫിൽ നിർത്തലാക്കും. നിയമ, മെഡിക്കൽ കോളജുകൾ ഒഴികെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഒറ്റ നിയന്ത്രണ അതോറിറ്റി. സർവകലാശാലകൾക്കും കോളജുകൾക്കുമായി നാഷനൽ ടെസ്റ്റിങ് ഏജൻസിയുടെ പൊതുപ്രവേശന പരീക്ഷ. പൊതു, സ്വകാര്യ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇനി പൊതു ചട്ടം.
ആർട്ട്, സയൻസ് വിഷയങ്ങൾ, കലയും ശാസ്ത്രവും, പാഠ്യ, പാഠ്യേതര പ്രവർത്തനങ്ങൾ, തൊഴിൽ, പഠന മേഖലകൾ എന്നിവക്കിടയിലെ പഠനാവസരങ്ങളുടെ അതിർവരമ്പുകൾ കുറക്കും. ആശയങ്ങളുടെയും അറിവിന്റെയും പ്രയോഗ രീതിയിലുള്ള മികവ് പരിശോധിക്കപ്പെടും. സഹവിദ്യാർഥികളുടെവിലയിരുത്തൽ കൂടി ഉൾപ്പെടുന്നതാവും റിപ്പോർട്ട് കാർഡ്.
കോളജുകളുടെ അഫിലിയേഷൻ സമ്പ്രദായം 15 വർഷം കൊണ്ട് നിർത്തും. നിശ്ചിത കാലശേഷം ഓരോ കോളജും സ്വയംഭരണ, ബിരുദദാന കോളജായോ സർവകലാശാലയുടെ അനുബന്ധ കോളജായോ മാറ്റും.
18 വർഷം കൊണ്ട് 12 ഗ്രേഡുകൾ. അഞ്ചാം ക്ലാസുവരെ മാതൃഭാഷയിൽ പഠനം. സ്കൂൾ പാഠഭാരം പ്രധാനാശയങ്ങളിലേക്കു ചുരുക്കും. ആറാം ക്ലാസു മുതൽ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് ഊന്നൽ.