Popular in Articles

image

Ayurvedic Resistance Power

പാലക്കാട്ട്, കൊടുവായൂർ എന്നൊരു സ്ഥലമുണ്ട്. ഇവിടത്തെ പ്രസിദ്ധമായ ചന്തയിലേക്ക് പൊള്ളാച്ചിയിൽ നിന്നും ഉദുമൽ പേട്ടിൽ നിന്നും ഒട്ടൻഛത്രത്തിൽ  നിന്നും പച്ചക്കറികളും പഴവർഗങ്ങളും ഉൾപ്പടെ 
നിത്യേന ചരക്കുകളെത്തും.

ആ വഴി പോകുമ്പോഴൊക്കെ അവിടത്തെ തിരക്കും ബഹളവും എത്രയോ തവണ കണ്ടതാണ്. തമിഴും മലയാളവും ഇടകലർന്നൊഴുകുന്ന വീതി കുറഞ്ഞ തെരുവുകൾ..!

കൊടുവായൂരിലെ ഗവ: ഡിസ്പെൻസറിയിൽ നിന്നും വന്ന ഉടനെ, രുഗ്മ പറഞ്ഞതും അതേ തെരുവിനെ കുറിച്ചാണ്. "കൊടുവായൂരിലെ ചന്ത  സജീവമായി പ്രവർത്തിച്ച് തുടങ്ങാൻ പോകുന്ന കാര്യം പ്രസിഡൻ്റ് പറഞ്ഞു. 

അവിടെ അണു നശീകരണം ചെയ്യാൻ,  നമ്മുടെ അപരാജിത ധൂപം കൊണ്ട് പറ്റുമോ എന്ന് ചോദിച്ചു.
ഞാൻ OK പറഞ്ഞു.." കൊടുവായൂരാണ് രുഗ്മയുടെ ആയുർവേദ ആശുപത്രി.

കുറച്ച് കാലമായി, അണു നശീകരണത്തിനും അന്തരീക്ഷ ശുദ്ധിക്കുമായി ആയുർവേദത്തിൽ ഉപയോഗിക്കുന്ന ഔഷധക്കൂട്ടാണ് അപരാജിതം. 

ഗുഗ്ഗുലു, വയമ്പ്, ചെഞ്ചല്യം, നാൻമുകപ്പുല്ല്, വേപ്പ്,  എരുക്ക്, അകിൽ, ദേവതാരം എന്നിവ ചേർത്ത് പൊടിച്ചാണ് ഈ ധൂപ യോഗത്തിൻ്റെ  നിർമ്മാണം.

പഠനങ്ങളിൽ, ഇതിൻ്റെ anti microbial സ്വഭാവം തെളിയിക്കപ്പെട്ടതുമാണ്. എന്തായാലും, പുലർച്ചെ നാലരക്ക് ചന്ത സജീവമാകുന്ന സമയത്ത് അവിടെ എല്ലായിടവും പുകക്കാനാണത്രേ തീരുമാനം.

രാത്രി അലാറം വച്ചുറങ്ങി. തിരക്കിട്ട് കൊടുവായൂർ ചന്തയിലെത്തിയപ്പോൾ സമയം 4.50. ഞങ്ങളെത്തുമ്പോൾ, പ്രസിഡൻ്റ് ജി. കൃഷ്ണ പ്രസാദും ഒപ്പമുള്ളവരും അവിടെ ഒന്നിച്ചിരുന്ന് കനൽ ഉണ്ടാക്കുകയാണ്..!

തമിഴ്നാട്ടിൽ നിന്നുള്ള പച്ചക്കറി വണ്ടികൾ ധൃതി പിടിച്ച്  തലങ്ങും വിലങ്ങും ഓടുന്നു. പച്ചക്കറി ഷോപ്പുകൾ ഉണർന്നിരിക്കുന്നു. ആ തിരക്കിനിടയിൽ കനൽ ചട്ടികൾ ട്രാക്ടറിലേക്ക് വച്ച്, മുകളിൽ ധൂപ ചൂർണം വിതറിത്തുടങ്ങുമ്പോഴേക്കും, അന്തരീക്ഷത്തിലാകെ പുകച്ചുരുളുകളുടെ നനുത്ത ഗന്ധം പടർന്നു കഴിഞ്ഞിരുന്നു..!

ഇതിനു മുമ്പ്, മുറികളിലും സ്ഥാപനങ്ങളിലും ഒക്കെ  അപരാജിതം പുകക്കാറുണ്ടെങ്കിലും, ഇത്രയും തിരക്കേറിയ സ്ഥലത്ത് ഒന്നിച്ച് പുകക്കുമ്പോൾ എങ്ങിനെ വരും എന്ന ആശങ്ക ശരിക്കും മനസിലുണ്ടായിരുന്നു.

ഇന്നത്തോടെ അത്തരമൊരു സംശയവും അവസാനിക്കുകയാണ്. Massive disinfection വേണ്ടി വരുന്ന ഇടങ്ങളിലെല്ലാം, ഈ രീതി ഉപയോഗപ്പെടുത്താവുന്നതാണ് എന്ന തിരിച്ചറിവോടെ, പ്രസിഡൻ്റിനോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ നേരം പതിയെ വെളുത്തു തുടങ്ങിയിരുന്നു.