Popular in Articles

What is the core reason behind diseases


image

Everyday bad habits that can damage your health without you even knowing

മരുന്നു കൊണ്ടു മാത്രം നേടാവുന്ന ഒന്നാണ് ആരോഗ്യം എന്ന് ധരിച്ചു വശപ്പെട്ടിരിക്കുന്നവരാണ്
നമ്മുടെ നാട്ടിൽ ഏറെയും..!

രോഗ കാരണങ്ങളെ ഉപേക്ഷിക്കാതെ തന്നെ മരുന്നു കഴിച്ചു മാത്രം രോഗം മാറ്റാനെത്തുന്നവരാണ് 
കൂടുതൽ പേരും.

പ്രമേഹവും ഹൈപോ തൈറോയ്ഡും കൊണ്ട് ഏറെ നാളായി കഷ്ടപ്പെടുന്ന ഒരാളോട്, നേരത്തെ ഭക്ഷണം കഴിക്കുന്നതിനെ പറ്റി പറഞ്ഞപ്പോൾ കിട്ടിയ മറുപടി ഓർത്തു പോകുന്നു - "രാവിലെത്തെ തിരക്കൊക്കെ കഴിഞ്ഞ്, കഴിക്കാനിരിക്കുമ്പോ പത്തരയാവും. ഇനി അതൊന്നും മാറ്റാൻ പറ്റില്ല. ഡോക്ടറ് മരുന്ന് തന്നാൽ മതി..."

ദിനചര്യയെ പറ്റിയും ഋതു ചര്യയെ പറ്റിയുമൊക്കെ കേൾക്കുന്നതും വായിക്കുന്നതും ഒക്കെ എല്ലാവർക്കും നല്ല ഇഷ്ടമാണെങ്കിലും സ്വന്തം കാര്യം വരുമ്പോൾ എളുപ്പവഴിയിൽ ക്രിയ ചെയ്യാനാണ് താൽപ്പര്യപ്പെടുക.

ചില ശീലങ്ങളെ വിട്ട് നമുക്ക് ഒരു കളിയുമില്ല. മുടി വളരാൻ കറ്റാർവാഴാദി എണ്ണകൾ തേച്ച് മിനുക്കിയെത്തുന്ന ദേഹമാസകലം വേദനക്കാരോട് വേദമോതുന്നതിൻ്റെ കഷ്ടപ്പാട് ചില്ലറയല്ല.

"തോളിലും കൈയ്യിലും കാലിലും ഒക്കെ നീർ പിടിച്ച പോലെ വേദനയാണ്..."

ഇപ്പോൾ തേക്കുന്ന എണ്ണ ചേരില്ല, അതൊന്ന് മാറ്റണം അതാണ് തോൾ വേദനക്ക് കാരണം... അപ്പോൾ എണ്ണ മാറ്റാം ലേ... 

"അതു വേണ്ട... ഇത് തേച്ചാലേ ഉറക്കം കിട്ടൂ... സാറ് വേദനക്ക്  മരുന്ന് തന്നാൽ മതി..."

ന്യൂജനറേഷനും ശീലങ്ങളുടെ കാര്യത്തിൽ ഒട്ടും പുറകിലല്ല എന്നതാണ് വസ്തവം.

മുന്നിലിരിക്കുന്ന Plus 2 കാരനോട്, എട്ടരക്ക് മുമ്പ് Break fast കഴിക്കുന്നതിൻ്റെ പ്രാധാന്യത്തെ പറ്റി ചെറു വിവരണം നടത്തി തളർന്നിരിക്കുമ്പോഴാണ് അവൻ്റെ മറുപടി വരുന്നത്...

"അത് ഡോക്ടറേ, ഞാൻ എണീക്കാൻ തന്നെ ഒമ്പത് മണിയാവും.."

കാരണങ്ങളില്ലാതെ കാര്യം ഉണ്ടാകുകയില്ല എന്നതാണ് പൊതു തത്വം. ഏതു രോഗത്തിനും പുറകിൽ,
സൂക്ഷ്മമായി നോക്കിയാൽ ചെറുതും വലുതുമായ ഒട്ടേറെ കാരണങ്ങൾ കണ്ടെത്താൻ ആവുകയും ചെയ്യും.

ആയുർവേദ പ്രകാരം ഇത്തരം നിദാന പരിവർജനം തന്നെയാണ് ചികിത്സയുടെ പ്രധാനപ്പെട്ട ഭാഗവും...

നിർഭാഗ്യവശാൽ, നിദാന പരിവർജനം നമ്മുടെ ശീലങ്ങളുടെയോ എന്തിന് ചികിത്സയുടെ പോലും ഭാഗമാകാറില്ല..!

കരൾ വീങ്ങിയിരിക്കുമ്പോൾ ലിക്കറിനൊപ്പം Liv 52 കൂടി കഴിക്കുന്ന പൊതു ബോധങ്ങളുടെ നാടു കൂടിയാണ് നമ്മുടേത്..!

ആഹാരത്തിലും വിഹാരത്തിലും ശ്രദ്ധിച്ച്, മനോവ്യാപാരങ്ങളിൽ ശ്രദ്ധിച്ച്, ആരോഗ്യ ജീവിതം നയിക്കുക എന്നത് ഒരു മിനക്കെട്ട പണിയായി മാറുന്നിടത്താണ് മരുന്നുകളുടെ മാന്ത്രികതയെ പരിധികൾക്കപ്പുറം സമൂഹം വാരിപ്പുണർന്ന് തുടങ്ങുന്നത് എന്ന് തോനുന്നു..!

കൊട്ടാരത്തിലെ ശങ്കുണ്ണിയുടെ ഐതിഹ്യമാല കഥകൾ പോലെ, മരുന്ന് കൊണ്ട് അദ്ഭുതകരമായി സംഭവിക്കുന്ന എന്തോ ആണ് ആരോഗ്യം എന്ന ധാരണയാണ് തിരുത്തപ്പെടേണ്ടത്...

മനോരാഗാദികളാണ് രോഗങ്ങൾ ഉണ്ടാക്കുന്നതെന്ന് പറഞ്ഞു തന്ന, വാഗ്ഭടനെ തന്നെ ഓർത്തെടുക്കേണ്ട സമയമാണ്...

Dr Shabu

Medical officer
District Ayurveda hospital, Palakkad