Popular in Articles

What is real success


image

സത്യത്തിൽ വിജയം എന്നാൽ എന്താ?

വിജയം എന്നാൽ ഒറ്റവാക്കിൽ ആഗ്രഹിച്ചത് നേടുക എളുപ്പത്തിൽ നിർവചിക്കാനാകും. 

കുട്ടിക്കാലത്തു മത്സരത്തിൽ ഒന്നാമത് എത്തണം എന്ന് ആഗ്രഹിക്കുന്നവരുണ്ട്, പഠിത്തത്തിൽ ക്ലാസ്സിൽ ഒന്നാമനാകണം എന്ന് ആഗ്രഹിക്കുന്നവരുണ്ട്, ഒരു സൈക്കിൾ വേണം എന്ന് ആഗ്രഹം ഉണ്ടാകാറുണ്ട്, നല്ലൊരു ഫ്രോക്ക് വേണമെന്ന് ആഗ്രഹിക്കാറുണ്ട് ... പ്രായം കൂടുന്നതിന് അനുസരിച്ചു ആഗ്രഹങ്ങൾ വീണ്ടും കൂടുന്നു.

മുതിർന്നശേഷം പക്വമായ കാര്യങ്ങൾ ആഗ്രഹിച്ചത് നേടണമെങ്കിൽ നമ്മുടെ മനസ്സ് എപ്പോഴും സന്തോഷം നിറഞ്ഞിരിക്കണം. സന്തോഷമുള്ള മനസ്സ് സ്വസ്ഥമായിരിക്കും.

സന്തോഷവാനായും സ്വസ്ഥതയിലും ഇരിക്കുമ്പോഴേ  സ്വന്തം കഴിവുകൾ പൂർണ്ണമായി ഉപയോഗപ്പെടുത്താൻ സാധിക്കുകയുള്ളു. കഴിവുകൾ പൂർണ്ണമായി ഉപയോഗത്തിൽ വരുമ്പോഴേ ജീവിതത്തിൽ ആഗ്രഹിച്ച കാര്യങ്ങൾ നേടാനാകൂ.

നിങ്ങൾ സന്തോഷവാനായി ഇരിക്കുവാൻ വേറെ ആരും ഉത്തരവാദിത്വം ഏറ്റെടുക്കില്ല, നിങ്ങളുടെ ഏറ്റവും അടുത്ത സ്നേഹബന്ധങ്ങൾ പോലും.

നിങ്ങളുടെ സന്തോഷത്തിന്റെ ഉത്തരവാദിത്വം നിങ്ങൾക്കു തന്നെ. നിങ്ങളുടെ ദുഖത്തിന്റെയും ഉത്തരവാദിത്വം നിങ്ങൾക്കു മാത്രമാണ്. സന്തോഷത്തിലും ദുഖത്തിലും മറ്റാരെയും അഭിനന്ദിക്കാനോ പഴിചാരണോ ആകില്ല. 

നിങ്ങൾ സന്തോഷവാനാകാൻ  നിബന്ധനകൾ നിങ്ങൾ മറ്റുള്ളവരിലേക്ക് വയ്ക്കുമ്പോഴാണ് പരാജയം സംഭവിക്കുക. അപ്പനോ അമ്മയോ ഭാര്യയോ മക്കളോ ബന്തുക്കളോ കൂട്ടുകാരോ ആരും നിങ്ങളുടെ സന്തോഷത്തിനു ഘടകമാകരുതു. 

ഒരുകൂട്ടം ആൾക്കാർ പറയും ആഗ്രഹങ്ങൾ ആണ് ദുഃഖം ഉണ്ടാകാൻ കാരണം എന്ന്. എങ്കിൽ ആഗ്രഹങ്ങൾ ഇല്ലാതാക്കിയാൽ സതോഷം ഉണ്ടാകുമോ? സത്യത്തിൽ ആഗ്രഹങ്ങൾ ഇല്ലങ്കിൽ ജീവിതമില്ല. 

ആഗ്രഹങ്ങളുടെ കാര്യത്തിൽ മനസ് പലപ്പോഴും കളവു പറയും, എന്നാൽ ശരീരത്തിനതാകില്ല. ശ്വസിക്കുന്നത് പോലും ജീവിക്കാനുള്ള ഒരു ആഗ്രഹത്തിൽ നിന്നാണ്. കഴിക്കുന്നതും കുടിക്കുന്നതും ഇതേ ആഗ്രഹത്താൽ തന്നെ. ഇപ്പോൾ ഞാൻ എഴുതിയ ഈ ലേഖനം വായിക്കുന്നതും ഒരു ആഗ്രഹത്തിൽ നിന്നാണ്.

ആഗ്രഹിക്കരുത് എന്നതും ഒരു ആഗ്രഹം ആണല്ലോ, അങ്ങനെയെങ്കിൽ പിശുക്കാതെ ആകാശത്തോളം ആഗ്രഹിക്കുന്നതല്ലേ കൂടുതൽ നല്ലതു.

ആഗ്രഹങ്ങൾ വലുതാകുംതോറും പ്രവർത്തിക്കാനുള്ള ഉത്സാഹവും ആവേശവും കൂടും. പ്രവർത്തിക്കാനുള്ള പ്രചോദനം തീർച്ചയായും ആഗ്രഹങ്ങൾ തന്നെയാണ്.

സന്തോഷമായി ഇരുന്നാൽ ആഗ്രഹങ്ങൾ സാധിക്കാം എന്ന് പറഞ്ഞല്ലോ, എന്നാൽ ആഗ്രഹങ്ങൾ കൂടിക്കൊണ്ടിരുന്നാൽ സന്തോഷവാനായി ഇരിക്കാനാകുമോ?
 
അവിടെ ചെറിയൊരു കാര്യം ശ്രദ്ധിക്കാതെ പോകരുത്. ആഗ്രഹങ്ങൾ സാധിക്കുന്നതിലല്ല സന്തോഷം, ഉള്ള അവസ്ഥയിൽ സംതൃപ്തനായി ഇരിക്കുമ്പോഴാണ് സന്തോഷം. സന്തോഷവാനായി തുടർന്നാൽ ആഗ്രഹങ്ങൾ സാധിക്കാം. സന്തോഷത്തിനു ഒരിക്കലും ഉപാധികൾ വയ്ക്കാതിരിക്കുക.

ജീവിതത്തിൽ സന്തോഷവാനല്ല എങ്കിൽ ഒരാഗ്രവും സാധിക്കുകയുമില്ല, ആഗ്രഹം സാധിക്കാതെ ജീവിതത്തിൽ വിജയിച്ചു എന്നും പറയാനാകില്ല.

സന്തോഷം ആഗ്രഹങ്ങളെ പൂവണിയിപ്പിക്കട്ടെ ... ആഗ്രഹങ്ങൾ വിജയങ്ങൾ സമ്മാനിക്കട്ടെ!

Manoj KG

Owner and CEO
AEnon Technologies Pvt Ltd
www.keralathanima.in
www.keralatourportal.com
Speaker at various international forums.