Popular in Articles
The Healing Power of Ayurveda

ആയുർവേദം പഠിച്ച് പുറത്തിറങ്ങുന്ന ഒരു ആയുർവേദ ഡോക്ടർക്ക് നേരിടാനായി ഏറെ വെല്ലുവിളികൾ ഉണ്ട്
"ആയുർവേദം മുട്ടുവേദനക്കേ പറ്റുള്ളൂ" എന്ന ചിലരുടെ പരിഹാസം മുതൽ, വിവിധങ്ങളായ തൊഴിൽ പ്രശ്നങ്ങൾ വരെ നീണ്ടു കിടക്കുന്ന പ്രതിസന്ധികളുടെ കാലം കൂടിയാണത്.
ഇതൊന്നും പോരാതെ, ആയുർവേദത്തിൻ്റെ ശാസ്ത്രീയത തെളിയിക്കാനുള്ള ഓരോ ഡോക്ടർമാരുടെയും ബദ്ധപ്പെടൽ വേറെയും.
"നിങ്ങൾ ഒരു plant raw ആയി use ചെയ്യുന്നത് അശാസ്ത്രീയമാണ്, അതിലെ Active Chemical content നെ പറ്റി പഠിക്കണം, അത് ഗുണമുള്ളതാണ് എന്ന് തെളിഞ്ഞാൽ പിന്നെ ആ കണ്ടെത്തൽ ആധുനിക വൈദ്യത്തിൻ്റെ ഭാഗമാണ്." ശാസ്ത്രീയ ചിന്തകർ, ആയുർവേദത്തെ സാധാരണ എതിർക്കുന്നത് ഇത്തരമൊരു വാദം ഉന്നയിച്ചു കൊണ്ടാണ്.
Reserpine ഉം Cinchona യും ഉൾപ്പടെ, ഇങ്ങനെ ആധുനികരായി മാറിയ പല തരം സസ്യ ഔഷധങ്ങളെപ്പറ്റി അവർ കൂട്ടത്തിൽ വാചാലരാവുകയും ചെയ്യും..!
ഒരു ചെടിയുടെ ഇലയേയോ വേരിനേയോ മറ്റേതെങ്കിലും ഭാഗങ്ങളേയോ ആയുർവേദം ഉപയോഗപ്പെടുത്തുമ്പോൾ, അതിലടങ്ങിയ ഔഷധവീര്യത്തെ സമഗ്രമായാണ് പ്രയോഗക്ഷമമാക്കുന്നത്.
ചെടിയിൽ നിന്ന് ഒരു Molecule മാത്രം വേർതിരിച്ചെടുക്കുമ്പോൾ അത് ഒരു പ്രത്യേക രോഗത്തിന് മാത്രമാണ് ഫലപ്രദമാകാറുള്ളത്.
അതിൽ നിന്നും വ്യത്യസ്തമായി ഒരു ഔഷധ സസ്യത്തെ, അതിൻ്റെ പ്രകൃത്യാലുള്ള സ്വഭാവത്തിൽ ഉപയോഗപ്പെടുത്തുമ്പോൾ ആയുർവേദ രീതിയിൽ അതിനെ പല തരം formulation നിലേക്ക് മാറ്റുമ്പോൾ, അത് ഒന്നിലധികം രോഗങ്ങൾക്ക് അത് പ്രയോജനകരമായിരിക്കും
ഗുളൂചി എന്ന ചിറ്റമൃതിനെ തന്നെ, പ്രമേഹത്തിലും ജ്വരത്തിലും എന്തിന് വിഷാദത്തിൽ വരെയുള്ള വ്യത്യസ്ത രോഗാവസ്ഥകളിൽ ഉപയോഗിക്കാൻ കഴിയുന്നത്, അതിൽ ഉൾച്ചേർന്നിരിക്കുന്ന ഈ ഔഷധ സമഗ്രത കൊണ്ടാണ്.
lsolate ചെയ്തെടുക്കുന്ന കേവല തന്മാത്രകളിൽ നിന്നും വ്യത്യസ്തമായി ഇവ താരതമ്യേന പാർശ്വ ഫലങ്ങൾ കുറഞ്ഞതായിരിക്കുന്നതും, അവയിൽ അടങ്ങിയ ഒട്ടേറെ തന്മാത്രകളുടെ പ്രകൃതിദത്തമായ balancing ഉള്ളത് കൊണ്ടു തന്നെയാണ്..!
സർപ്പഗന്ധയിൽ നിന്നും വേർതിരിച്ചെടുക്കുന്ന Reserpine ന്, സർപഗന്ധ തനിയേ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്നതിനേക്കാൾ പാർശ്വ ഫലങ്ങൾ സംഭവിക്കുന്നത് ഇതു കൊണ്ടാണ്.
ഇത്തരം സസ്യ ഔഷധങ്ങളെ വ്യത്യസ്ത രോഗാവസ്ഥകളിൽ സമഗ്രമായി ഉപയോഗപ്പെടുത്താനാവും വിധമാണ് ആയുർവേദ സിദ്ധാന്തങ്ങൾ രൂപപ്പെടുത്തിയിരിക്കുന്നതും. പറഞ്ഞു വരുന്നത് ആയുർവേദത്തിൻ്റെ വ്യത്യസ്തമായ Methodology യെ കുറിച്ച് തന്നെയാണ്..!
ലബോറട്ടറികളിൽ പരീക്ഷിച്ച് തെളിയിച്ച എത്രയോ ഔഷധങ്ങൾ ആധുനിക ശാസ്ത്രത്തിൽ ഉണ്ടായിരുന്നിട്ടും (അത് അത്രയേറെ ഉപകാരപ്രദമാണ് എന്നു തന്നെയാണ് എൻ്റെയും വാദം) എല്ലായ്പ്പോഴും എല്ലാവർക്കും അത് സൗഖ്യം നൽകാത്തത് എന്തു കൊണ്ടാവും..?
പുരുഷനിലെ prostate ഗ്രന്ഥിയിലെ നീർവീക്കമുണ്ടാകുന്ന Chronic prostatitis എന്ന രോഗത്തെ ഉദാഹരിക്കാം. എത്ര തന്നെ കാലം anti biotic ഉം വേദന സംഹാരികളും കഴിച്ചിട്ടും അതുണ്ടാക്കുന്ന Chronic pelvic pain എന്ന കഠിനമായ ഇടുപ്പ്- ഗുഹ്യ വേദനകൾ മാറാത്ത ഒരുപാടു പേരെ കണ്ടിട്ടുണ്ട്.
ലളിതമായ ആയുർവേദ ഔഷധങ്ങൾ കൊണ്ടും വസ്തി പോലുള്ള ചികിത്സ കൊണ്ടും വളരെ എളുപ്പത്തിൽ ഇത്തരം നീർ വീക്കവും വേദനയും കുറയുന്നതും കണ്ടിട്ടുണ്ട്..!
ഇതിനെല്ലാം കാരണമായിരിക്കുന്നത് എന്താവും..?
ആരോഗ്യം/സൗഖ്യം എന്നത് Lab ൽ നിശ്ചയിക്കപ്പെടേണ്ട ഒന്നല്ല... മനുഷ്യൻ ശരീരം മാത്രം അല്ലാത്തിടത്തോളം കാലം, മനസിനേയും ബോധത്തേയും കൂട്ടിയിണക്കുന്ന ഒരു ഭാവാത്മകമായ ഒരു തലം ആരോഗ്യത്തിനുണ്ട്..!
ആധുനിക ചികിത്സയും സൗകര്യങ്ങളും സുലഭമായ അമേരിക്കയിൽ പോലും ഹൃദ്രോഗം കൊണ്ടും ക്യാൻസർ കൊണ്ടും മരിച്ചു കൊണ്ടു പോകുന്ന ഒരു വലിയ വിഭാഗം ആളുകൾ എന്തു കൊണ്ട് ഉണ്ടാകുന്നു എന്നും ഓർക്കാം.
ആയുർവേദത്തിനേയും കുളിപ്പിച്ച് പൊട്ടു തൊടുവിപ്പിച്ച്, ആധുനിക drug study കൾ നടത്തി ആധുനിക വൈദ്യത്തിൻ്റെ അതേ ആലയിൽ കൊണ്ടു ചെന്ന് കെട്ടാവുന്നതേയുള്ളൂ..!
പക്ഷേ അത് സമാന്തരമായ മറ്റൊരു മോഡേൺ മെഡിസിൻ ആവുകയേ ഉള്ളൂ... ഉയർന്ന തലത്തിലുള്ള ഗവേഷണങ്ങൾ ആയുർവേദത്തിൽ ഉണ്ടാവണം. അത് അതിൻ്റെ integrity യെ നശിപ്പിച്ചു കൊണ്ടാവരുത് എന്നു മാത്രം.
അല്ലാത്ത പക്ഷം, ഭാവാത്മകമായ ആരോഗ്യത്തെ സ്പർശിക്കുന്ന ഒരു തലം അതിന് അപ്പോഴേക്കും നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കും..!
ആയുർവേദത്തെ അതായി നില നിർത്തുന്നത്, സാകല്യാത്മക (Holistic) മായ ഈ തലമാണ്..!
രോഗവും മരുന്നു കുറിപ്പടികളിലും ഒതുങ്ങാത്ത ആരോഗ്യത്തിൻ്റെ ഈ ഭാവാത്മകത ആഗ്രഹിക്കുന്ന ഒരു ജനത ഈ ലോകത്ത് എവിടെയും ഉള്ളിടത്തോളം, മനുഷ്യൻ്റെ alternative system ത്തിനു വേണ്ടിയുള്ള അദമ്യമായ തിരച്ചിൽ ഉണ്ടായിരിക്കുക തന്നെ ചെയ്യും..!
ശാസ്ത്രീയതയുടെ പഠന റിപ്പോർട്ടുകൾ ചോദിച്ച്, അതിനെ വിമർശിക്കാനായേക്കാം. പക്ഷേ അതിൻ്റെ പ്രസക്തിയും അത് പകരുന്ന സൗഖ്യത്തിൻ്റെ പുതു ജീവനും ആർക്കും പകരം വക്കാനാവില്ല.
ലോകം മുഴുവൻ ചിറകു വിടർത്തി പറക്കുന്ന ആധുനിക വൈദ്യം ഇവിടെ ഉണ്ടായിട്ടും, (അതിനെ പൂർണമായും value ചെയ്യുന്നു) പിന്നെയും ആളുകൾ ആയുർവേദത്തെ തേടി വരുന്നത് അതു കൊണ്ടാണ്..!
എൻ്റെ പേഷ്യൻ്റായിരുന്ന ഒരു മൈമുനുമ്മ ഒരിക്കൽ പറഞ്ഞതോർക്കുന്നു... "ഇക്ക് ഇംഗ്ലീഷ് മരുന്ന് പിടിക്കൂല..
അത് കഴിച്ചാ തന്നെ വയ്യാതാകും... ഇക്ക് മ്മടെ നാടൻ മരിന്ന് മതി..."
ഇങ്ങനെ ഉള്ളവർ ഇവിടുളളിടത്തോളം കാലം, ആരെന്ത് പറഞ്ഞാലും ആയുർവേദം ഇവിടെ തന്നെ ഉണ്ടാകും.
കേവല ശാസ്ത്ര വാദങ്ങൾക്കപ്പുറത്ത്, Healing അതിൻ്റെ ജനിതക സ്വഭാവമാണ്... മറ്റാർക്കും അതിനെ തല്ലിക്കൊഴിക്കാനാവില്ല...

Dr Shabu
Medical officer
District Ayurveda hospital, Palakkad