Popular in Articles

The Emotional Memory Issues


image

 Emotional memory is shorthand for denoting the memory of experiences that evoked an emotional reaction

ആകാശത്തിലെ കനം തൂങ്ങിയ മേഘങ്ങളെ പോലെയാണ് ഓർമ്മകളും...

ഇടക്കെപ്പോഴെങ്കിലും ഓർമ്മകൾ ഉരുണ്ടു കൂടി, പെയ്ത് തോരാത്തവരായി ആരും തന്നെ കാണില്ല. പക്ഷേ ചിലർ മാത്രം, ഭൂതകാലത്തിൻ്റെ ഇരുൾ ചിറകുകളിൽ, അത്രമേൽ ഇറുകിപ്പിടിച്ച്, ഓർമ്മകളാൽ പൊള്ളുന്നവരാണ്...

"ഇപ്പോ പറയത്തക്ക പ്രശ്നങ്ങൾ ഒന്നുമില്ല... എന്നാലും വെറുതെ ഇരിക്കുമ്പോൾ പഴയതൊക്കെ ഓർത്ത് വെറുതെ സങ്കടപ്പെടും..." ഓർമ്മകളിൽ, അത്രയധികം ബന്ധിക്കപ്പെട്ട് ഈ നിമിഷത്തിൻ്റെ സുഗന്ധം 
നഷ്ടപ്പെടുത്തുന്നവരാണവർ.

ഇവരിലെ, ശക്തമായ emotional memory, ഒരർത്ഥത്തിൽ അവരുടെ ജനിതക പ്രകൃതിയുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്.

"ദൃഢം ചിരാൽ ച വൈരം" എന്ന ഒരു വരി, കഫ പ്രകൃതിയുടെ വിവരണത്തിൽ വാഗ്ഭടൻ പറയുന്നുണ്ട്.
ഒരാളോട് ദേഷ്യം തോന്നിയാൽ, അത് നേരിട്ട് പറയാതിരിക്കുകയും അതേ സമയം, ആ വ്യക്തിയോടുള്ള അമർഷം, എത്ര കാലവും മനസിൽ സൂക്ഷിക്കുകയും ചെയ്യുന്ന സ്വഭാവ വിശേഷമാണത്..!

കഫ സ്വഭാവി ആയ genetic constitution ഉള്ള ഒരാളുടെ മനോഘടനയാണത്...!

പ്രതികാരം ഒന്നും ചെയ്യില്ലയെങ്കിലും, ആ ദേഷ്യം ചിരകാലം അവരുടെ മനസ്സിൽ ഉറങ്ങാതെ കിടക്കുന്നുണ്ടാവും. അത്ര സുഖകരമല്ലാത്ത പഴയ അനുഭവങ്ങൾ, അവരിൽ കുഴിച്ചു മൂടപ്പെടാതെ കനലെരിഞ്ഞു കൊണ്ടിരിക്കും..!

കൃത്യമായ നാളും സമയവും എടുത്ത് പറയാൻ കഴിയുന്ന രീതിയിൽ, ആ സംഭവം നാക്കിൻത്തുമ്പത്തു തന്നെയുണ്ടാവും. കേവലമായ ഓർമ്മകളിൽ നിന്നും മാറി, ഇവരിൽ അത് വൈകാരികമായ ഗൂഢസ്മൃതികളായി അവശേഷിക്കും.

മനസ് വിഷമിപ്പിക്കുന്ന രീതിയിൽ ഇത്തരക്കാരോട് ആരെങ്കിലും സംസാരിച്ചിട്ടുണ്ടെങ്കിൽ, അതാരോടും പറയാതെ അക മനസിലിട്ട് നിരന്തരം Post Mortem ചെയ്യുന്നവരാണിവർ.

"ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാണ അയാൾ/അവൾ എന്നോട് ഇങ്ങനെ പെരുമാറിയത്" ഓർമ്മകൾ അവരെ വിഷാദപ്പെടുത്തിക്കൊണ്ടേയിരിക്കും.

പ്രകൃതി analyse ചെയ്യാൻ കഴിയുന്നവർക്ക്, ഒറ്റ നോട്ടത്തിൽ തന്നെ ഇവരെ തിരിച്ചറിയാനാകും.

കഫ മനസുള്ളവരിലെ, ഈ വൈകാരിക ഓർമ്മകളാണ് കാല ക്രമത്തിൽ, ശാരീരികവും മാനസികവുമായ രോഗ പ്രതികരണങ്ങളായി മാറുന്നത്. ഇവരിൽ പലരും ചെറുതോ വലുതോ ആയ രീതിയിൽ വിഷാദം രുചിക്കുന്നവരുമാണ്..!

സ്വന്തമായി രൂപപ്പെടുത്തിയ അക മനസ്സിൽ, സ്മൃതികളെ തടവിലാക്കി ആരോടും പറയാതെ ദുരിതമുണ്ണുന്നവർ..!

സ്വന്തം കഫ മനസ്സിനെ അറിയുക എന്നത് തന്നെയാണ്, ഈ വൈകാരിക സ്മൃതികളെ മറികടക്കാനുള്ള ഏക മാർഗ്ഗം. സ്വന്തം പ്രകൃതിയുൾക്കൊണ്ട്, ഒരനുഭവവും ഭൂതകാലത്തിൽ കുഴിച്ച് മൂടാതിരിക്കുക.

നല്ലതും ചീത്തയുമായ അനുഭവങ്ങളെല്ലാം ആരോടെങ്കിലും തുറന്ന് പറഞ്ഞ് ശീലിക്കുക. കെട്ടി നിൽക്കുന്ന തടാകമാകുന്നതിനു പകരം, ഒഴുക്കുള്ള അരുവിയാകുക.

ഒപ്പം, ദീർഘമായി ശ്വസിക്കുകയും, ധ്യാനിക്കുകയും ചെയ്യാം. സ്വന്തം ആന്തരിക സത്തയെ, അറിഞ്ഞു തുടങ്ങുമ്പോൾ തന്നെ വൈകരിക ഓർമ്മകളെ പിടിച്ചു വക്കാതെ, പതിയെ  കടന്നു പോകാൻ നമ്മൾ തന്നെ അനുവദിച്ചു തുടങ്ങും...

ഭൂതകാലത്തിൻ്റെ തടവറയിൽ നിന്നും, ഈ നിമിഷത്തിൻ്റെ Reality യിലേക്കുള്ള ഏറ്റവും മനോഹരമായ  ഒരു സ്വാതന്ത്ര്യ പ്രഖ്യാപനം കൂടിയായിരിക്കുമത്..!

Dr Shabu

Medical officer
District Ayurveda hospital, Palakkad