Popular in Articles

Punjakkari Farming and AgriculturePunjakkari is the Kuttanad of Trivandrum with a varied range of agricultural crops and cultivation almost every season of the year

വെള്ളായണി കായലിന്റെ തീരം പറ്റി കിടക്കുന്ന മനോഹരമായ പാടവരമ്പ്. തലസ്ഥാനനഗരിയുടെ ഹൃദയമാണ്  വെള്ളായണി കായലും പുഞ്ചക്കരിയു മൊക്കെ എങ്കിലും ആ നഗരതിരക്കുകളൊന്നും ഈ ഗ്രാമവിശുദ്ധിക്ക് ഒട്ടുമേ കളങ്കം ചാർത്തിയിട്ടില്ല. തിരുവനന്തപുരത്തിന്റെ ഒരു കൊച്ചു കുട്ടനാട് തന്നെയെന്ന് വേണമെങ്കിൽ പറയാം. അവിടത്തെ കായലും, പാടവരമ്പും, കനാലും, കനാലിൽ നീന്തി ഉല്ലസിക്കുന്ന താറാവിൻ കൂട്ടങ്ങളും, കായൽ പരപ്പിൽ വിടർന്നു നിറഞ്ഞു നിൽക്കുന്ന ആമ്പലുകളും താമരകളും ഇതൾപായലുകളും ഒക്കെ പുഞ്ചക്കരിയെ സുന്ദരിയാക്കുന്നു. ഫോട്ടോഷൂട്ടിന്റെ ഇളതലമുറക്കാരായ ഈ തലമുറയുടെ ഇഷ്ട്ട സ്ഥലമാണ് പുഞ്ചക്കരി. അത്രയ്ക്കുണ്ട് കണ്ണുകളെയും മനസുകളെയും കുളിർപ്പിക്കുന്ന കാഴ്ചകൾ.

കായലിനെ കീറി മുറിച്ചു കിടക്കുന്ന ബണ്ട്റോഡിൽ കൂടി നടക്കുമ്പോൾ കണ്ണെത്താ ദൂരത്തു പരന്നു കിടക്കുന്ന  കൃഷി പാടങ്ങൾ കാണാൻ തന്നെ ഒരു ഭംഗിയാണ്.പുഞ്ചക്കരി പാലം മുതൽ കന്നുകാലിച്ചാലിന്റെ ഓരം വഴി വെള്ളായണി ശിവോദയം റോഡിലെ കിരീടം പാലത്തിനു സമീപം വരെയാണ് റോഡ്. കിരീടം പാലത്തെ കുറിച്ച് അധികം പറയേണ്ട കാര്യമില്ല മലയാളികളോട്. കണ്ണീർപ്പൂവിന്റ കവിളിൽ തലോടി എന്ന ലാലേട്ടന്റെ ഗാനം മലയാളി മനസുളകിൽ ഇന്നും നിലനിൽക്കുന്നു. ഈ ബണ്ടു റോഡിന്റെ ഇരുവശത്തായി ചീരയും വെണ്ടയും,വഴുതനയും, പയറും കൈപയ്ക്കയും ഒക്കെ വിളയുന്ന മണ്ണാണ് പുഞ്ചക്കരിയുടെ മണ്ണ്. കൃഷി നിലത്തിന്റെ നടുവിലുള്ള കുഞ്ഞു കുഞ്ഞു മീൻകുളങ്ങൾ അവിടത്തെ പ്രത്യേകതയാണ്. അവിടേയ്ക്ക് ചെല്ലുമ്പോൾ തനി മനുഷ്യരെ കാണാം. ഒന്നിനോടും ആർത്തിയില്ലാതെ, മണ്ണിനെ പൊന്നുപോലെ സ്നേഹിച്ചു സ്നേഹം കൊണ്ട് ഫലം വിളയിപ്പിക്കുന്ന കൃഷിക്കാരെ. അവരുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും ആ പുഞ്ചക്കരിയുടെ മണ്ണിനോട് തന്നെ. 

ഇനി മറ്റൊരു പ്രത്യേകത എന്നത് കായൽ മീനുകളാണ്. ഒരു സമയമാവു മ്പോൾ മീൻ പിടിക്കുന്നതിനായി മാത്രം വരുന്ന ഒരു കൂട്ടം ആൾകാരുണ്ട്. വല വീശിയും ചൂണ്ടയെറിഞ്ഞും മീൻ പിടിക്കുന്നത് കാണാൻ വന്ന് കൂടുന്ന കാണികളും കുറവല്ല. കൊച്ചു വള്ളങ്ങളിൽ കയറി കായൽ മദ്ധ്യേ പോയി വലയെറിയുന്ന കാഴ്ചയും മറ്റൊരു ഭംഗി തന്നെ. ആമ്പലും താമരയും നിറഞ്ഞു നിൽകുമ്പോൾ ക്ഷേത്ര പൂജയ്ക്കായി താമരയും ആമ്പലും ഇലകളും ശേഖരിക്കുന്ന കാഴ്ച അതിലും കൗതുകം.

ഇനി പുഞ്ചക്കരിയുടെ പ്രധാന പ്രത്യേകത എന്നത് അവിടത്തെ കള്ളുഷാപ്പ് ആണ്.കള്ള് ഷാപ്പെന്നു കേൾക്കുമ്പോൾ തെറ്റുധരിക്കണ്ട കേട്ടോ. മധുരകള്ളിന്റെയും കടൽ കായൽ മത്‍സ്യങ്ങളുടെയും രുചി മേളമായ പുഞ്ചക്കരി ഷാപ് ആണ്. സീസൺ സമയം വിദേശികൾ പോലും വന്ന് സ്വാദിൽ ലയിക്കുന്ന സ്ഥലമാണ് പുഞ്ചക്കരിയിലെ കള്ളുഷാപ്പ്. എല്ലാവർക്കും കുടുംബമായി തന്നെ വന്ന് ആവോളം ഭക്ഷണം കഴിക്കാനുള്ള എല്ലാ സൗകര്യങ്ങളും ഉണ്ട്.നാടൻ രുചി വിളമ്പുന്ന നിരവധി വിഭവങ്ങളുണ്ട് പുഞ്ചക്കരി ഷാപ്പിൽ.  ഒരിക്കൽ ഇവിടെ വന്ന് ആഹാരം കഴിച്ചവർ പിന്നീടൊരിക്കലും ആ രുചി മറക്കില്ല.

നാവിൽ എരിവും പുളിയും കൊണ്ട് കപ്പലോടാൻ വെള്ളം നിറയുന്ന തരത്തിലുള്ള പലവിധ വിഭവങ്ങൾ ഉണ്ട് ഇവിടെ. മീൻ ആണ് പ്രധാന വിഭവം എങ്കിലും നല്ല ഉഗ്രൻ രുചിയുള്ള മലയാളികളുടെ പ്രിയപ്പെട്ട പോത്തിറച്ചിയും, നാടൻ കോഴിക്കറി വറുത്തരച്ചത്, പെരട്ടിയത്, പൊള്ളിച്ചത് പൊരിച്ചത്, ഉലർത്തിയത്.... പിന്നെ നല്ല താറാവ് പെരട്ടിയതും, കൊഞ്ചു പെരട്ടിയത്, കൊഞ്ച് ചുട്ടത്,കാട വറുത്തതും, വരാൽ പൊള്ളിച്ചതും ഒക്കെ കൂടി ഒരു വൻ രുചിമേളം തന്നെയുണ്ട്.ഊണിനും അപ്പത്തിനും പുട്ടിനും കപ്പയ്ക്കുമൊപ്പം മീൻക്കറിയും തലക്കറിയും ഞണ്ടും കണവയും വരാലും  സിലോപ്പിയും നവരയും അയലയും മാലാവും പാരയും പരവയും ആവോലിയും തുടങ്ങി നിരവധി  മീനുകൾ. നെയ്മീനിന്റെ തലക്കറി അവിടത്തെ സ്പെഷ്യൽ ആണ്.വായിൽ വയ്ക്കുമ്പോ തന്നെ എരിവും പുളിയും ചേർന്ന് ഒരു പ്രത്യേക രുചിയാണ്. നെയ്മീനിന്റെ മുള്ളിന് ബലമില്ലാത്തതുകൊണ്ട് തന്നെ അത് വായിൽ വയ്ക്കുമ്പോ തന്നെ നന്നായി കടിച്ചു പൊട്ടിക്കാൻ പറ്റും. അതും കപ്പയും കൂടി ആവുമ്പോ വയറു നിറയും. പിന്നെ ആവോലി നല്ല വാഴയിലയിൽ മുളകും മസാലും ചേർത്ത് കനലിൽ പൊള്ളിച്ചെടുത്തു അത് ചൂടോടെ കൊണ്ട് വയ്ക്കുമ്പോ  അതിൽ നാരങ്ങനീര് ഒഴിച്ച് ഒരു പിടി പിടിച്ചാൽ വീണ്ടും പുഞ്ചക്കരി തേടി തിരിച്ചെത്തും എന്നതിന് സംശയമില്ല.

വൈകുന്നേരം ആകുമ്പോൾ പുഞ്ചക്കരിയുടെ ഭംഗി ഏറെ കൂടും. നല്ല കാറ്റുണ്ടാകും. പണിയൊക്കെ കഴിഞ്ഞു വീട്ടിലേക്കു പോകുന്ന കൃഷിക്കാരും, മണ്ണിലെ ഇരയെ കൊത്തിയെടുക്കുന്ന വെളുത്ത കൊക്കുകളും സൂര്യനോടൊപ്പം ചുവന്നു തുടുക്കുന്ന ആകാശവും പല തരത്തിലുള്ള പറവകളുടെ കൂട്ടം ഒരുമിച്ചു നിരനിരയായി മരച്ചില്ലകളിൽ ചേക്കാറാൻ പറന്നടുക്കുന്ന കാഴ്ചയും . നെൽവയൽ വിളവാകുമ്പോൾ നെൽമണി കൊത്തി എടുക്കാൻ വരുന്ന തത്തകളും പ്രാവുകളും മറ്റു പക്ഷികളും, കായൽ ഓളങ്ങളിൽ തുള്ളിക്കളിക്കുന്ന താറാവിൻ കുഞ്ഞുങ്ങളും ഒക്കെ ചേർന്നു പുഞ്ചക്കരിയെ കാണുമ്പോ ദൈവത്തിന്റെ സ്വന്തം നാടെന്ന പേര് അറിയാതെ ഉള്ളിൽ ഓർമ വരും.

Kala Kamal Mahal

Program Coordinator 
Life Giving News Team