Popular in Articles
One India One Pension
Here is all you need to know about the One India One Pension campaign
ഒരു ഇന്ത്യ ഒരു പെൻഷൻ എന്ത് എന്തിന്
60 വയസ്സ് വരെ രാജ്യത്തിന്റെ പുരോഗമന നിർമ്മാണ പ്രക്രിയയിൽ പങ്കാളികളായ ഓരോ പൗരനും അവന്റെ ആരോഗ്യം ക്ഷയിച്ചു വാർദ്ധക്യത്തിലേക്ക് കടക്കുമ്പോൾ തന്റെ ആത്മാഭിമാനം സംരക്ഷിക്കുന്നതിനും സാമ്പത്തിക-സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനും രാജ്യത്തിന് ധാർമ്മികമായ ഉത്തരവാദിത്വമുണ്ട്.
ജാതി-മത വർണ്ണ-വർഗ്ഗ ലിംഗഭേദം കൂടാതെ രാഷ്ട്ര-നിർമ്മാണത്തിലും രാജ്യ-പുരോഗതിയിലും ദേശ-വികസനത്തിലും പങ്കാളികളായ എല്ലാ പൗരന്മാർക്കും 10,000 രൂപയിൽ കുറയാത്ത ഒരു നിശ്ചിത തുക സാമൂഹിക സുരക്ഷ ക്ഷേമ പെൻഷൻ ആയി നൽകണമെന്ന ആവശ്യം ജനശ്രദ്ധ ആകർഷിക്കുന്നു.
എല്ലാവർക്കും തുല്യപെൻഷൻ എന്ന ഈ ആശയം ഇതിനകം എല്ലാ ജനങ്ങൾക്കിടയിലും എത്തികൊണ്ടിരിക്കുന്ന അവസരത്തിൽ സാർവത്രിക പെൻഷന്റെ ആവശ്യകതയെക്കുറിച്ച് നാം ഓരോരുത്തരും ബോധവാൻമാരാകേണ്ട ആവശ്യകത ഏറെയാണ്
60 വയസ്സ് കഴിഞ്ഞ എല്ലാവർക്കും തുല്യപെൻഷൻ നൽകുന്ന സംവിധാനമാണ് സാർവ്വത്രിക പെൻഷൻ. അതായത് എല്ലാവർക്കും ഒരേ പെൻഷൻ.
60 വയസ്സ് കഴിഞ്ഞ എല്ലാവർക്കും ജീവിക്കാൻ ആവശ്യമായ പെൻഷൻ ഉറപ്പാക്കേണ്ടത് ഏതൊരു പുരോഗമന ചിന്താഗതിയുള്ള സർക്കാറിന്റെയും ഉത്തരവാദിത്വമാണ്.
ഇതിൽ സർക്കാർ ജീവനക്കാരനെന്നോ, കർഷകൻ എന്നോ, കർഷക തൊഴിലാളി എന്നോ, മത്സ്യ തൊഴിലാളി എന്നോ, കച്ചവടക്കാരനെന്നോ, മുൻ ജനപ്രതിനിധി എന്നോ, മന്ത്രിമാരുടെ മുൻ പേഴ്സണൽ സ്റ്റാഫ് എന്നോ, മുൻ മന്ത്രി എന്നോ ഉള്ള വേർതിരിവ് ആവശ്യമില്ല. പദവിയോ ജോലിയോ പരിഗണിക്കാതെ 60 വയസ്സ് കഴിഞ്ഞ എല്ലാവർക്കും തുല്യമായ ഒരേ പെൻഷൻ.
ഓരോ ജീവനക്കാരനും ഒരു പബ്ലിക് സർവ്വന്റ് ആയതുകൊണ്ടാണ് സർക്കാർ സർവ്വീസിൽ ഇരിക്കുമ്പോൾ, ഓരോ ജീവനക്കാരും ചെയ്യുന്ന വ്യത്യസ്തമായ ജോലികൾ കണക്കിലെടുത്തു വ്യത്യസ്ത സ്ക്കെയിലിൽ ജനങ്ങളുടെ നികുതി പണമുപയോഗിച്ച് ശമ്പളം നൽകുന്നത്.
എന്നാൽ ആ ജീവനക്കാരൻ ജോലിയിൽ നിന്നും വിരമിക്കുന്നതോടെ പബ്ലിക് സർവ്വന്റ് അല്ലാതാവുന്നതിനാലും പിന്നീട് പൊതുജനത്തിന് വേണ്ടി പ്രത്യേകിച്ച് ഒരു സേവനവും ചെയ്യുന്നില്ല എന്നതുകൊണ്ടും വ്യത്യസ്ത സ്കെയിലിലുള്ള പെൻഷൻ നൽകേണ്ട അവശ്യമില്ല.
മാത്രവുമല്ല സ്റ്റാറ്റ്യൂട്ടറി പെൻഷൻ അവസാനിപ്പിച്ചതോടെ പെൻഷൻ പോലും ഉറപ്പില്ലാതായ ഉദ്യോഗസ്ഥരിൽ മഹാഭൂരിപക്ഷത്തിനും ഈ സാർവ്വത്രിക പെൻഷൻ ഒരു അനുഗ്രഹമായി മാറുകയും ചെയ്യും.
ഇത്തരത്തിൽ എല്ലാ വിരമിച്ചവർക്കും 10,000 രൂപ വീതം പെൻഷൻ ഉറപ്പാക്കണമെന്നാണ് വൺ ഇന്ത്യ വൺ പെൻഷൻ എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്.
നിലവിലുള്ള സ്റ്റാറ്റ്യൂട്ടറി സർവീസ് പെൻഷൻ പ്രകാരം ഉയർന്ന തസ്തികയിൽ നിന്നും വിരമിച്ചവർ വലിയ തുക പെൻഷൻ വാങ്ങുന്നവരുടെ പെൻഷൻ തുകയിൽ, വലിയൊരു ശതമാനവും കമ്പോളത്തിൽ ഇറങ്ങാതെ ബാങ്കിലും മറ്റും നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. ആ പണം പൊതു വിപണിയിലേക്ക് തിരിച്ചു വരാതെ നിഷ്ക്രിയമാവുന്നതിനാൽ സമ്പദ് വ്യവസ്ഥയിൽ വീണ്ടും വീണ്ടും തകർച്ച ഉണ്ടാകുന്നു.
എന്നാൽ 10,000 രൂപ നിരക്കിൽ 60 കഴിഞ്ഞ എല്ലാവർക്കും പെൻഷൻ ആയി നൽകുമ്പോൾ ആ തുക മുഴുവനായും കമ്പോളത്തിൽ വിനിമയം ചെയ്യപ്പെടുകയും കമ്പോളത്തെ ചലിപ്പിക്കുകയും ചെയ്യുമ്പോൾ അതുവഴി വ്യാപാരമാന്ദ്യത്തെ മറികടക്കാൻ കഴിയും എന്നതാണ് വിലയിരുത്തൽ.
ഇത്തരത്തിൽ കമ്പോളത്തിൽ ചിലവഴിക്കപ്പെടുന്ന തുകയുടെ ഏകദേശം 30% നികുതിയായി വീണ്ടും ഗവണ്മെന്റിന് തന്നെ തിരിച്ചുചെല്ലുകയും വീണ്ടും ഗവണ്മെന്റിനു വരുമാനം വർധിക്കുകയും ചെയ്യും
മറ്റൊന്ന് വരവും ചിലവും കൂട്ടിമുട്ടിക്കാൻ കഴിയാത്ത സാധാരണക്കാരന്റെ കുടുംബങ്ങളിൽ പ്രായമായവർ ഒരു ബാധ്യതയായി മാറുകയാണ്. അതു കൊണ്ട് പ്രായമായവരെ പെരുവഴിയിലും വൃദ്ധസദനങ്ങളിലും നടതള്ളുന്ന പ്രവണതയും കേരളത്തിൽ അനുദിനം വർദ്ധിച്ചു കൊണ്ടിരിക്കുന്നു. എന്നാൽ പ്രായമായ രക്ഷിതാക്കൾക്ക് പ്രതിമാസം 10,000 രൂപ പെൻഷൻ ലഭിക്കാൻ തുടങ്ങിയാൽ രക്ഷിതാക്കളെ സംരക്ഷിക്കാൻ മക്കൾ തയ്യാറാവുക തന്നെ ചെയ്യും.
ഈ പെൻഷൻ പദ്ധതി നിലവിൽ വന്നാൽ കേരളത്തിന്റെ സാമ്പത്തിക സാമൂഹ്യ മേഖലയിൽ ഒരു വിപ്ലവം ഉണ്ടാകും എന്നതിൽ തർക്കമില്ല.
ഇച്ഛാശക്തിയുള്ള ഒരു പ്രസ്ഥാനവും ഒരു ഭരണകൂടവും നമുക്ക് ഉണ്ടെങ്കിൽ സമീപ ഭാവിയിൽ തന്നെ സാർവ്വത്രിക പെൻഷൻ നടപ്പിലാക്കാൻ കഴിയും. അതിനായി നമുക്ക് ONE INDIA, ONE PENSION എന്ന പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളികളാവാം!

Team
Life Giving News