Popular in Articles

Nostalgic Memories of My Childhood Activities


image

പഴമയിൽ നിന്ന്... പിണ്ടി ചങ്ങാടം

മഴ അന്നും ഇന്നും ഒരു ആവേശമാണ്, പ്രത്യേകിച്ച് മഴയിലെ കളികൾ. 

മുൻപ് മഴ വെള്ളം വന്നാൽ വാഴപ്പിണ്ടി വെട്ടി ചങ്ങാടം ഉണ്ടാക്കി മഴവെള്ളത്തിൽ കളിക്കുക കുട്ടികളുടെ ഒരു വിനോദം ആയിരുന്നു.  

അതിനായി തൊട്ടടുത്തുള്ള പറമ്പുകളിൽ കയറി വാഴക്കുല വെട്ടിയ പിണ്ടി അന്വേഷിച്ചു കണ്ടെത്തി, അത് വെട്ടിയെടുക്കുകയാണ് ആദ്യത്തെ ജോലി. 

പിന്നെ ചങ്ങാടം ഉണ്ടാക്കാൻ അറിയുന്ന ചേട്ടന്റെ പിന്നാലെ നടക്കും. അന്നിത് ഉണ്ടാക്കാൻ അറിയുന്നവരും കുറവാണ്.  

ചേട്ടൻ വന്ന് പറയുന്ന അളവിൽ പിണ്ടി വെട്ടി കുറ്റി അടിച്ചുകയറ്റി ഉറപ്പിച്ച് എല്ലാവരും കൂടി ചങ്ങാടം ഉണ്ടാക്കി,  വെള്ളത്തിൽ തുഴഞ്ഞു കളിക്കുക പതിവാണ്. 

പാടത്തിന്റെ അക്കരെയിക്കരെ തുഴഞ്ഞാണ് കളി. കൂടെ താളവും രാഗവും ഒന്നുമില്ലാതെ വഞ്ചിപ്പാട്ടും ... ചിലപ്പോൾ വെള്ളത്തിൽ വീണും പോവാറുണ്ട്. 

ചിലപ്പോൾ ചെറിയവരെ ഒഴിവാക്കി ചേട്ടന്മാർ ആണ് തുഴഞ്ഞു പോവുക. ഈ അവസരത്തിൽ നീന്തൽ പഠിക്കാനും ചിലർ ശ്രമിക്കും. വെള്ളത്തിൽ എന്തായാലും വീണതല്ലേ എന്നുകരുതി നീന്തൽ പഠിച്ചെടുക്കുന്നവരും ഉണ്ട്. 

നല്ല മഴയിൽ നനഞ്ഞുള്ള ഈ കളികഴിഞ്ഞു വരുമ്പോൾ വീട്ടിൽ നിന്നുള്ള ചൂരൽ കഷായവും അപ്പന്റെ കയ്യിൽനിന്നും കിട്ടുക പതിവാണ്. 

നനഞ്ഞു വരുന്നത് കാണുന്നമാത്രയിൽ അമ്മൂമ്മ ഓടിവന്ന് മുണ്ടിന്റെ കോന്തലകൊണ്ട് തലയിൽ തുടക്കുന്ന സ്നേഹോർമ്മകളും ഉണ്ട്. 

എത്ര അടികിട്ടിയാലും പിറ്റേന്നും ഈ കളിക്കിറങ്ങും അനിയന്മാർ. ഇന്നിത് അപൂർവ്വക്കാഴ്ച്ച... 

കുട്ടികാലത്തെ ഓർമ്മകൾ എന്നും മായാതെ മങ്ങാതെ കൂടെയുണ്ടാവും (ഫോട്ടോ എന്റേതല്ല. ആരോ തന്നത്).

Beena Antony

Chembakassery