Popular in Articles

Kayyonni (കയ്യോന്നി)


image

പുരാതനകാലം മുതൽകേ കയ്യോന്ന്യത്തിന്റെ ഔഷധഗുണങ്ങൾ മനസ്സിലാക്കിയിരുന്നു

ഗൃഹവൈദ്യം പോലെ നിലനിൽക്കുന്ന കയ്യോന്നിയെ നമുക്കെല്ലാം സുപരിചിതമാണ്. 

ഇതൊരു കേശ ഔഷധവും കൂടിയാണ്. കാരണം കൂടുതലായും മുടിയുടെ സംരക്ഷകനായിട്ടാണ് കയ്യോന്നി പ്രവർത്തിച്ചുവരുന്നത്. 

ഒരു ഏകവർഷിയായി നിലനിൽക്കുന്ന ഒരു ദുർബല സസ്യമാണ് കയ്യോന്നി. ഇതിനെ കയ്യോന്നി, കയ്യുണ്ണ്യം, കഞ്ഞുണ്ണി എന്നിങ്ങനെയും ഭൃംഗരാജ എന്നി പേരുകളിൽ അറിയപ്പെടുന്നു. 

ഇലയുടെ ചാറിന് ഹൃദ്യമായ ഗന്ധവും പൂക്കൾ കമ്മൽപോലെ വെള്ളനിറത്തിലുള്ളതാണ്. ആയുർവേദ വിധി പ്രകാരം ദശപുഷ്പങ്ങളിൽപെടുന്ന കയ്യോന്നിക്കയ്ക് കടുരസവും തീക്ഷ്ണഗുണവും ഉഷ്ണവീര്യവുമാണ് . 

കൂടാതെ ശരീരത്തിന്റെ തണുപ്പിനും, രക്തചംക്രമണത്തിനും ത്വക്ക് രോഗങ്ങള്‍ക്കും വലിയ ഗുണപ്രദമാണ് കയ്യോന്നി. ശിരോരോഗങ്ങൾക്കെതിരായുള്ള നല്ലൊരു പ്രതിവിധിയാണ് കയ്യോന്നി. ഒരു വിധത്തിൽ പറഞ്ഞാൽ ഹെർബൽ ഹെയർ ടോണിക്ക് എന്ന് വിളിക്കാം. 

കരള്‍ സംബന്ധമായ മരുന്നുകളില്‍ ഈ സസ്യം ഒരു പ്രധാന ചേരുവയാണ്, അതിനാൽ കരള്‍ സംബദ്ധമായ രോഗചികിത്സയുടെ ഒരു അഗ്ര കണ്ണിയാണ് കയ്യോന്നി. 

കൂടാതെ കയ്യോന്നി കഷായമാക്കി കഴിച്ചാല്‍ അതിയായ രക്തസ്രാവവും അത്യാര്‍ത്തവവും ശമിക്കും. 

ആവണക്കെണ്ണ ചേര്‍ത്ത് ആഴ്ചയില്‍ രണ്ടുനേരം കയ്യോന്നിനീര് സേവിച്ചാൽ ഉദരകൃമി ഇല്ലാതാകും . 

കൂടാതെ നമ്മുടെ ശരീരത്തിന്റെ രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുവാനുള്ള കഴിവുണ്ട് കയ്യോന്നിയ്ക്ക്. 

ഈർപ്പമുള്ള സ്ഥലങ്ങളിൽ തഴച്ചു വളരുന്ന ഈ സസ്യം വാതസംബന്ധമായ സർവ്വരോഗങ്ങൾക്കും അത്യുത്തമം എന്ന് പറയപ്പെടുന്നു.

പണ്ടുകാലങ്ങളിൽ തൊടികളിലും മറ്റും കിട്ടിയിരുന്ന ഇത്തരം ഔഷധ സസ്യങ്ങൾ ഉപയോഗിച്ച് വീടുകളിൽ തയാറാക്കുന്ന എണ്ണയായിരുന്നു ഉപയോഗിച്ചിരുന്നത്. എന്നാൽ ഇന്ന് കടകളിൽ നിന്നും വാങ്ങുന്ന റെഡിമെയ്ഡ് എണ്ണകൾ ഉപയോഗിക്കുന്നവരാണ് അധികവും. 

പണ്ടുകാലങ്ങളിലെ കണ്ടിരുന്ന ഔഷധ സസ്യങ്ങൾക്കുപകരം ഇന്ന് മറ്റു അലങ്കാര ചെടികൾ സ്ഥാനം കൈയേറി . ആയതിനാൽ ഈ ചെറുസസ്യത്തെ അല്പം ശ്രദ്ധിച്ചാല്‍ നമ്മുടെ പരിമിതമായ ചുറ്റുപാടുകളില്‍ നമുക്ക് പരിചരിക്കാവുന്നതാണ്. 

ഇതിനായി ഇവയുടെ വളർച്ചക്ക് ജലലഭ്യത ആവശ്യമാണെന്നതിനാല്‍ സ്ഥല ലഭ്യതക്ക് ക്രമീകരിച് കിണറുകള്‍ക്ക് സമീപത്തോ ടാപ്പുകളില്‍ നിന്നും വെള്ളം ഒഴുകി പോകുന്ന ഭാഗങ്ങളിലോ കയ്യോന്നി വളര്‍ത്തുന്നത് ആയിരിക്കും നന്ന്.

Dr Midhula Ajeesh

Naturopathist
Trivandrum