Popular in Articles

Corona virus 21 knowledges


image

കൊറോണ വൈറസ് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ 

വിവിധ മാധ്യമങ്ങളിലൂടെ ലോകാരോഗ്യ സംഘടനയും ഡോക്ടർമാരും നൽകുന്ന വിവരങ്ങളിൽ നിന്നും ശേഖരിച്ചതാണ് ഇവിടെ പ്രതിബാധിക്കുന്നതു.വളരെ പ്രാധാന്യമുള്ള ഗൗരവമേറിയ വിഷയമായതുകൊണ്ടു മറ്റുള്ള വാർത്ത മാധ്യമങ്ങളിലെ വാർത്തകളും ആധാരമായി എടുത്തിട്ടുണ്ട്.

1. ന്യൂമോണിയ വാക്സിൻ പോലുള്ള പ്രതിരോധ മരുന്ന് സ്വീകരിച്ചവർക്ക്  കൊറോണ അസുഖത്തിന് എതിരെ പ്രതിരോധശേഷി ലഭിക്കുമോ?

ഇല്ല. നിലവിലുള്ള വാക്സിനുകൾ കൊറോണ വൈറസിനെതിരെ പ്രതിരോധശേഷി നൽകില്ല. ഇത് താരതമ്യേന പുതിയ ഒരു അസുഖമാണ്. വാക്സിൻ കണ്ടെത്താൻ ഗവേഷകർ ശ്രമിച്ചുകൊണ്ടിരിക്കുന്നതേയുള്ളു 

2. Hair and Hand dryer ഉപയോഗം കൊണ്ട് കൊറോണാ വൈറസിനെ കൊല്ലാൻ സാധിക്കുമോ?

ഇല്ല. ഇത് പ്രയോജനരഹിതമാണ്. കൈകൾ ഇടയ്ക്കിടെ ആൾക്കഹോൾ അംശമുള്ള ഹാൻഡ് വാഷ് അല്ലെങ്കിൽ റബ്ബ് ഉപയോഗിച്ച് വൃത്തിയാക്കുകയോ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കുകയോ ചെയ്യണം. വൃത്തിയാക്കിയ ശേഷം dryer ഉപയോഗിച്ച് ഉണക്കാം, അല്ലെങ്കിൽ തനിയെ ഉണങ്ങാൻ അനുവദിക്കുക. ശുചിത്വമാണ് അനിവാര്യമായ കാര്യം. 

3. ക്ലോറിൻ അല്ലെങ്കിൽ ആൾക്കഹോൾ സ്പ്രേ ശരീരത്തിൽ ചെയ്താൽ വൈറസിനെ കൊല്ലാൻ ആകുമോ?

പുറമെ ഇവ ഉപയോഗിച്ച് കൊണ്ട് ശരീരത്തിൻറെ ഉള്ളിൽ പ്രവേശിച്ച വൈറസിനെ കൊല്ലാൻ സാധിക്കില്ല. ഇത്തരം വസ്തുക്കൾ ശരീരത്തിനുള്ളിൽ ഉപയോഗിച്ചാൽ അപകടകരം ഉണ്ടാകും. എന്നാൽ ഇവ രണ്ടും ഡിസ്ഇൻഫെക്റ്റന്റ് ആയി പുറമെ ഉപയോഗിക്കാം (ആരോഗ്യപ്രവർത്തകർ നിർദ്ദേശിക്കുന്നത് പോലെ ഉപയോഗിക്കണം എന്ന് മാത്രം).

4. അൾട്രാവയലറ്റ് ഡിസ്ഇൻഫെക്‌ഷൻ ലൈറ്റ് വൈറസിനെ കൊല്ലാൻ ഉപകരിക്കുമോ?

ഇത് ഉപയോഗിച്ചാൽ ചിലപ്പോൾ ചർമ്മത്തിന് കുഴപ്പങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട് അതിനാൽ പരീക്ഷണങ്ങൾക്കു മുതിരാതിരിക്കുന്നതാണ് നല്ലതു.

5. വെളുത്തുള്ളി കഴിച്ചാൽ വൈറസ് ബാധ തടയാൻ സാധിക്കുമോ?

തടയാൻ സാധിക്കില്ല എങ്കിലും വെളുത്തുള്ളി ആരോഗ്യത്തിനും രോഗ പ്രതിരോധത്തിനും നല്ലതാണു.

6. രസം കുടിച്ചാൽ വൈറസ് ബാധ തടയാൻ സാധിക്കുമോ?

ഒരിക്കലും തടയാൻ സാധിക്കില്ല.

7. ചാണകം ഗോമൂത്രം എന്നിവ ശരീരത്തിൽ പൂശുകയോ ഭക്ഷിക്കുകയോ ചെയ്താൽ വൈറസിനെ കൊല്ലാൻ സാധിക്കുമോ?

സാധാരണ ഗോമൂത്രം ചാണകം എന്നിവ ഉപയോഗിച്ചാൽ മറ്റു പല അസുഖങ്ങളും പിടിപെടാനുള്ള സാധ്യതയുണ്ട്. ചില പാരമ്പര്യ ചികിത്സ രീതികളിൽ ഇവ ഉപയോഗിക്കുന്നുണ്ട് എങ്കിലും ഈ വൈറസിനെ തടയാൻ ഇതുകൊണ്ടാകില്ല.

8. മൂക്കിൽ ഒഴിക്കുന്ന സലൈൻ തുള്ളിമരുന്ന് ഉപയോഗിച്ചാൽ വൈറസ് ബാധ തടയാൻ സാധിക്കുമോ?

സാധാരണ ജലദോഷം മാത്രമുള്ളവർക്ക് ചികിത്സയിൽ ഇത് ചെറിയ രീതിയിൽ പ്രയോജനകരമാണ് എന്ന് മാത്രം. ഈ വൈറസിനെ തടയാൻ ഇതുകൊണ്ടാകില്ല.

9. ചെറുപ്പക്കാർ, പ്രായമായവർ കുട്ടികൾ ഇങ്ങനെ എല്ലാവരെയും കൊറോണ ബാധിക്കുമോ?

എല്ലാ പ്രായത്തിലുള്ളവർക്കും കൊറോണ വൈറസ് പിടിപെടാൻ സാധ്യതയുണ്ട്. എന്നാൽ പ്രായമേറിയവർക്കും മറ്റ് അസുഖങ്ങൾ ഉള്ളവർക്കും ഈ വൈറസ് ബാധ ഗുരുതരമാകാൻ സാധ്യത കൂടുതലാണ് എന്നു മാത്രം. അതുകൊണ്ട് പ്രായഭേദമന്യേ പ്രതിരോധ നടപടികൾ സ്വീകരിക്കണം.

10. Thermal scanner ഉപയോഗിച്ചാൽ പുതുതായി കൊറോണ വൈറസ് ബാധ ഉണ്ടായവരെ കണ്ടെത്താൻ സാധിക്കുമോ?

പനിയുള്ളവരെ കണ്ടെത്താൻ ഈ ഉപകരണം കൊണ്ട് സാധിക്കും. അതായത് ശരീരതാപനില ഉയർന്നെന്നു മാത്രം മനസ്സിലാക്കാൻ സാധിക്കും. എന്നാൽ വൈറസ് ശരീരത്തിൽ എത്തിയവരിൽ ഉടനെതന്നെ പനി ഉണ്ടാകണമെന്നില്ല എന്നതും എല്ലാ പനികളും കൊറോണ മൂലം ആവണമെന്നില്ല എന്നതും പരിഗണിക്കണം.

11. സിദ്ധ വിഭാഗത്തിൽ രോഗബാധ തടയാൻ ഏതെങ്കിലും പ്രത്യേക മരുന്നുകൾ കണ്ടെത്തിയിട്ടുണ്ടോ? 

ഒരു മരുന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. വ്യക്തിശുചിത്വം പാലിക്കുക എന്നതാണ് ചെയ്യേണ്ട വലിയ കാര്യം. സിദ്ധ വിഭാഗങ്ങളിൽ പ്രതിരോധത്തിനും ചികിത്സയ്ക്കും മരുന്നുണ്ട് എന്ന രീതിയിൽ ആയുഷ് വകുപ്പ് നൽകിയിരിക്കുന്ന വിവരങ്ങൾ അശാസ്ത്രീയമാണ്. ഇത് താരതമ്യേന പുതിയ ഒരു അസുഖമായതിനാൽ വൈറസിനെ കുറിച്ചും സംഭവിക്കാവുന്ന മ്യൂട്ടേഷനെ കുറിച്ചും ഒക്കെയുള്ള പഠനങ്ങൾ നടന്നു വരുന്നതേയുള്ളൂ. 

എന്നാൽ ശരീരത്തിൻറെ രോഗപ്രതിരോധ ശേഷി കൂട്ടാനുള്ള സപ്ലിമെൻറ്സ് ഉപയോഗിക്കാം.

12. രോഗബാധ ചികിത്സയ്ക്ക് ഏതെങ്കിലും പ്രത്യേക മരുന്നുകൾ കണ്ടെത്തിയിട്ടുണ്ടോ?

ഇതുവരെ ഇല്ല. രോഗലക്ഷണങ്ങൾക്ക് ഉള്ള ചികിത്സ നൽകുകയും ആവശ്യമെങ്കിൽ മികച്ച സപ്പോർട്ടീവ് സൗകര്യങ്ങൾ നൽകുകയും ആണ് വേണ്ടത്. അതിന് ആധുനിക വൈദ്യശാസ്ത്രം പരിശീലിക്കുന്ന സൗകര്യമുള്ള ആശുപത്രികളിൽതന്നെ ചികിത്സ തേടേണ്ടതുണ്ട് എന്ന് ലോകാരോഗ്യ സംഘടന പറയുന്നു. മറ്റുള്ളവരിലേക്ക് രോഗം പകരാതിരിക്കാൻ ഐസൊലേഷൻ സൗകര്യമുള്ള ആശുപത്രികൾതന്നെ വേണം.

Fresh ആയ Herbs പിന്നെ Curcumin പോലുള്ള ചില നാച്ചുറൽ ഹെർബൽ സപ്ലിമെൻറ്സ് ഏതു വൈറസിനേയും പ്രതിരോധിക്കാൻ സഹായിക്കും. കാരണം ഇവയിലുള്ള നാച്ചുറൽ preventive system ആണ് അതിനു നമ്മെ സഹായിക്കുന്നത്.

13. വീട്ടിലെ പട്ടി, പൂച്ച തുടങ്ങിയ വളർത്തുമൃഗങ്ങൾ അസുഖം പകരാൻ കാരണമാവുമോ?

ഒരു പട്ടിക്ക് കൊറോണ വൈറസ് ബാധിച്ചതായി റിപ്പോർട്ട് കണ്ടിരുന്നു. അതിനാൽ ജാഗ്രത വേണം എങ്കിലും മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരാനുള്ള സാധ്യതയാണ് കൂടുതൽ. എങ്കിലും വളർത്തുമൃഗങ്ങളെ സ്പർശിക്കുകയാണെങ്കിൽ കൈ നന്നായി കഴുകുക, വ്യക്തി ശുചിത്വം പാലിക്കുക.

14. കൊറോണ വൈറസ് ചികിത്സയ്ക്ക് ആന്റിബയോട്ടിക് പ്രയോജനപ്പെടുമോ?

ആന്റിബയോട്ടിക് കൊറോണ വൈറസിന് എതിരെ പ്രവർത്തിക്കില്ല. എന്നാൽ വൈറസ് ബാധയോടൊപ്പം ബാക്ടീരിയ മൂലമുള്ള അണുബാധ ഉണ്ടെങ്കിൽ ആന്റിബയോട്ടിക് ആവശ്യമായി വന്നേക്കാം.

15. ചൈനയിൽ നിന്നും എന്തെങ്കിലും കത്ത് പാഴ്സൽ എന്നിവ വന്നാൽ സ്വീകരിക്കുന്നത് അപകടകരമാണോ?

അപകടകരമല്ല എന്നാണ് ഇതുവരെയുള്ള അറിവ്. എഴുത്ത്, പാക്കറ്റ് തുടങ്ങിയ വസ്തുക്കളിൽ കൊറോണ വൈറസിന് അധികകാലം സർവൈവ് ചെയ്യാൻ സാധിക്കില്ല.

16. വൈറസ് ബാധ തടയാൻ തൊണ്ട ഇടയ്ക്കിടെ നനക്കുന്നതുകൊണ്ടോ വെള്ളം കുടിക്കുന്നത് കൊണ്ടോ പ്രയോജനമുണ്ടോ?

അങ്ങനെ എന്തെങ്കിലും പ്രയോജനം ഉള്ളതായി ശാസ്ത്രീയമായി തെളിഞ്ഞിട്ടില്ല. എങ്കിലും വെള്ളം കുടിക്കുന്നത് ശരീരത്തിനു നല്ലതാണ്. തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക.

17. വൈറസ് ബാധ മൂലം ശ്വാസകോശത്തിൽ ഫൈബ്രോസിസ് ഉണ്ടാകാൻ സാധ്യതയുണ്ട് എന്നും അതിനാൽ അത് പരിശോധിക്കാനായി പരമാവധി ശക്തിയിൽ ശ്വാസം ഉള്ളിലേക്കെടുത്ത് 10 സെക്കൻഡ് എങ്കിലും പിടിച്ചു വയ്ക്കാൻ സാധിച്ചാൽ വൈറസ് ബാധ ഇല്ല എന്നും പറയുന്നൊരു സന്ദേശം സത്യമാണോ?

അങ്ങനെ തിരിച്ചറിയാനുള്ള എളുപ്പ വഴികൾ ഒന്നും ശാസ്ത്രീയമായി ഇതുവരെ സ്ഥിതീകരിച്ചിട്ടില്ല. 

18. ഇളം ചൂടുവെള്ളത്തിൽ നാരങ്ങ മുറിച്ച് ഇട്ടു കുടിച്ചശേഷം ചൂടു കഞ്ഞി കുടിച്ചാൽ കൊറോണാ വൈറസിനെ പ്രതിരോധിക്കാൻ സാധിക്കുമോ? ഇങ്ങനെ ചെയ്താൽ അത് കാൻസർ കോശങ്ങളെ മാത്രം നശിപ്പിക്കുമെന്നും രക്താതിമർദം നിയന്ത്രിക്കാൻ സഹായിക്കുമെന്നും ഉള്ള സന്ദേശം വസ്തുതാപരമാണോ?

ചൂടുവെള്ളത്തിൽ നാരങ്ങ മുറിച്ചിട്ടു കുടിച്ചാൽ കൊറോണ പ്രതിരോധിക്കാൻ സാധിക്കുമെന്നു ശാസ്ത്രീയമായി തെളിവൊന്നുമില്ല. കൊറോണ പകരുന്നത് തടയാൻ വ്യക്തി ശുചിത്വം പാലിക്കുകയാണ് ആദ്യം വേണ്ടത്. ഇങ്ങനെ എന്തെങ്കിലും രോഗ ലക്ഷണങ്ങൾ ഉണ്ടായാൽ ആശുപത്രിയിൽ എത്തി ശാസ്ത്രീയമായ ചികിത്സ സ്വീകരിക്കുകയാണ് വേണ്ടത് എന്ന് ലോകാരോഗ്യ സംഘടന പറയുന്നു.

എന്നാൽ നാരങ്ങാ കഴിച്ചാൽ രോഗപ്രതിരോധശേഷി ഏറെ കൂടുതലായി ലഭിക്കും. സ്ഥിരമായി fresh നാരങ്ങാ നീര് വെള്ളം ചേർത്ത് കുടിക്കുന്നത് ശരീരത്തിന് നല്ലതാണു.

19. അക്യുപങ്ചർ ഉപയോഗിച്ചാൽ രോഗം ഫലപ്രദമായി ചികിത്സിക്കാം എന്ന സന്ദേശത്തിൽ കഴമ്പുണ്ടോ?

അക്യുപങ്ചർ ഉപയോഗിച്ച് കൊറോണ വൈറസ് രോഗം ഫലപ്രദമായി ചികിത്സിക്കാൻ സാധിക്കില്ല.

20. യോഗയിലൂടെ കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കാൻ സാധിക്കുമോ?

ഇത് തികഞ്ഞ അശാസ്ത്രീയമായ അവകാശവാദമാണ്.

21. മാസ്ക്കുകൾ ധരിക്കുമ്പോൾ രോഗികൾ വെള്ളനിറമുള്ള വശം പുറത്തും മറ്റുള്ളവർ പച്ചനിറമുള്ള വശം പുറത്തും കാണുന്ന രീതിയിൽ ധരിക്കണം എന്നുള്ള സന്ദേശം വസ്തുതാപരമാണോ?

തെറ്റായ സന്ദേശം ആണ് ഇത്. സാധാരണ സർജിക്കൽ മാസ്കിന് മൂന്ന് പാളികൾ ഉണ്ട്. പുറമേയുള്ള പച്ച നിറമുള്ള ഭാഗം water repellent ആണ്, അതായത് ബാഷ്പം കടക്കാത്തത്. മറ്റുള്ളവർ ചുമയ്ക്കുമ്പോൾ തെറിക്കുന്ന സ്രവങ്ങളും മറ്റും അകത്തേക്ക് കടക്കുന്നത് ഈ പാളി തടയുന്നു. വെള്ളനിറമുള്ള അകം പാളി ബാഷ്പത്തെ ആഗിരണം ചെയ്യുന്നു. മാസ്ക് ധരിക്കുന്ന ആളുടെ ശ്വാസത്തിലൂടെയും മറ്റും പുറത്തോട്ട് വരുന്ന ജലാംശം ഈ ഭാഗം ആഗിരണം ചെയ്യുന്നു. ഈ രണ്ടു പാളികൾക്കും ഇടയിൽ ഫിൽറ്റർ സ്ഥിതി ചെയ്യുന്നു.

രോഗി ആണെങ്കിലും അല്ലെങ്കിലും മാസ്ക് ധരിക്കുമ്പോൾ പച്ചനിറമുള്ള വശം പുറത്തും വെള്ളനിറമുള്ള വശം അകത്തും ആണ് വരേണ്ടത്.

Note : ഹോമിയോയിൽ preventive medicine ഉണ്ട് എന്ന് ഹോമിയോ ഡോക്ടർസ് അഭിപ്രായപ്പെടുന്നു. എന്നാൽ ലോകാരോഗ്യ സംഘടന ഇത് നിഷേധിക്കുന്നു.

Life Giving News