Popular in Articles

A pilgrimage only to consciousness


image

The sinner and the saint are sitting in the same place, wearing double faces

പ്രാകൃത മനുഷ്യൻ്റെ (Natural Man) ശരിയായ ആന്തരിക സത്ത ഒരു മൃഗത്തിൻ്റേതാണ്. മറ്റേതൊരു മൃഗത്തേയും പോലെ തന്നെ..!

നമ്മുടെയൊക്കെ മസ്തിഷ്കത്തിൻ്റെ Basal ganglia യിൽ, എത്രയോ ലക്ഷം വർഷത്തിൻ്റെ "മൃഗത്വം" അങ്ങനെ ഉറഞ്ഞു കട്ടിയായി കിടക്കുന്നുണ്ടാകണം..!

ആദിമ ജീവിതത്തിലെ മൃഗ സമാനമായ ക്രോധവും, കൊല്ലലും ഇരയെ കണ്ടാൽ മാത്രം പുറത്ത് വരുന്ന അണലിപ്പല്ലു പോലെ നമ്മളിൽ തന്നെ ഒളിച്ചിരിപ്പുണ്ട്..!

പരിണാമം കൊണ്ട്, ആർജിച്ചെടുത്ത സംസ്ക്കാര ശീലങ്ങളത്രയും, നമ്മളെ ഒരു പുണ്യവാളനെ പോലെ  വിശുദ്ധപ്പെടുത്തിയിട്ടുണ്ടാകാം..!

എങ്കിലും ഒരു  മൃഗത്തിന്, മൃഗമാകാതെ തരമില്ലല്ലോ..! ചിലപ്പോൾ, മൃഗത്തേക്കാൾ തരം കുറഞ്ഞ ഒന്ന്...!

ഒരേ സമയം ഇരയും വേട്ടക്കാരനുമാകുന്നവൻ... മൃഗ വാസനയുള്ള മനുഷ്യൻ മൃഗത്തേക്കാൾ അപകടകാരിയാണ്...

ഒരേ സമയം, സ്ത്രീ ശക്തിയെ കുറിച്ച് ഉപന്യസിക്കാനും തരം കിട്ടിയാൽ, കീഴ്പ്പെടുത്താനും,
അനായാസം കഴിയുന്നവർ...

പാമ്പിനേക്കാൾ ചഞ്ചലമായ മനസാണത്... ചിത്തോരഗം എന്ന പദം കൊണ്ടാണ് മനുഷ്യനിലെ
സർപ്പത്തേക്കാൾ വലിയ കൊടും സർപ്പത്തെ വാഗ്ഭടൻ വരച്ചിടുന്നത്..!

"തൃഷ്ണ കൊണ്ട് നീണ്ട പാമ്പിന്റെ ഉടൽ... തെറ്റായ ചിന്തകളാലുള്ള സർപ ശിരസ്... ദ്വേഷമാകുന്ന ഇളകുന്ന പത്തി... പാമ്പിൻ വിഷം പോലെ കാമ ക്രോധങ്ങൾ... സംശയങ്ങളുന്ന പാമ്പിന്റെ പല്ലുകൾ... മോഹം ആകുന്ന പാമ്പിന്റെ മുഖം...."

സ്വന്തം ശരീരമാകുന്ന, പൊത്തിൽ കിടക്കുന്ന ഈ മനസാകുന്ന സർപ്പത്തെ (സ്വ ശരീര കോടര ശയം)
സ്വന്തം അവബോധം കൊണ്ട് ജയിക്കുമ്പോൾ മാത്രമേ, ഉള്ളിലെ മൃഗം മനുഷ്യനായി പരിണമിക്കുകയുള്ളൂ...

മനുഷ്യൻ എന്ന ജീവൽ സത്തയുടെ അത്രയേറെ, പുഷ്പിക്കാത്ത ആന്തരിക സാദ്ധ്യതയാണത്..!

മൃഗത്തിനേക്കാൾ താഴാനും ഉയരാനും മനുഷ്യനേ കഴിയൂ..!

നമുക്ക്, നമ്മുടെ ഉള്ളിലേക്ക് തന്നെ നോക്കാം... അവിടെ, പാപിയും പുണ്യവാളനും ഒരേയിടത്ത്, ഇരട്ട മുഖം ധരിച്ച്  പതുങ്ങി ഇരിക്കുന്നത് കാണാം.

ഈ മൃഗത്തേയും കടന്ന്, മനുഷ്യനിലേക്ക് തന്നെ നമുക്ക് നടന്ന് പോകേണ്ടിയിരിക്കുന്നു. അവബോധത്തിൻ്റേത് മാത്രമായ ഒരു തീർത്ഥാടനമാണത്.

Dr Shabu

Medical officer
District Ayurveda hospital, Palakkad